| Tuesday, 30th August 2022, 3:25 pm

ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം, ഞങ്ങളില്ല; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഗാന്ധി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് റിപ്പോര്‍ട്ട്. എ.ഐ.സി.സി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ നല്‍കിയിട്ടില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായി എ.ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കി.

ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്നും ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചനകള്‍ രാഹുല്‍ ഗാന്ധി നേരത്തെ നല്‍കിയിരുന്നു,. നിലപാടില്‍ മാറ്റം ഉണ്ടാകുമെന്നായിരുന്നു മറ്റ് നേതാക്കളുടെ നിഗമനമെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. പദവി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യമുന്നയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനെ നിരന്തരം കുടുംബ പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ വിമര്‍ശനം ശക്തമാകുമെന്നതിന് പിന്നാലെയാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി പ്രിയങ്കയും രംഗത്തെത്തിയത്.

ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. നേരത്തെ സോണിയ ഗാന്ധി ഉല്‍പ്പെടെ ഗെലോട്ടിനോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 അഭിപ്രായം. ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥികളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തരൂര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുന്നതാകും നല്ലതെന്നാണ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശം.

Content Highlight: Rahul, sonia and priyanka won’t be participating in congress president election reports

We use cookies to give you the best possible experience. Learn more