| Wednesday, 29th July 2020, 1:40 pm

'നിങ്ങള്‍ മോദിയെ ഉന്നം വെക്കുന്നത് നിര്‍ത്തൂ, കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കൂ'; രാഹുല്‍ ഗാന്ധിയോട് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ അടിത്തറയക്ക് ബലം നല്‍കുന്നത് ഗാന്ധി കുടുംബമാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ ഗാന്ധി എത്രയും വേഗം പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള തന്റെ ദീര്‍ഘനാളത്തെ ബന്ധത്തെക്കുറിച്ച് സിഎന്‍.എന്‍ ന്യൂസ് 18നുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഷങ്ങളായി ഞാന്‍ കോണ്‍ഗ്രസിനെ കാണുന്നുണ്ട്. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ബലം നല്‍കുന്നത് ഗാന്ധി കുടുംബമാണ്. കോണ്‍ഗ്രസിനെ ഒരുമിച്ച് കൊണ്ടു പോകുന്നതില്‍ സോണിയാ ഗാന്ധി വിജയിച്ച വ്യക്തിയാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചിരിക്കുന്നു. അത് അവരുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ എന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലയും ഇപ്പോള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കേണ്ടതുണ്ട്,’ ശരദ് പവാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതോടൊപ്പം വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും വേണമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം എല്ലാ പാര്‍ട്ടി നേതാക്കളുമായി സംസാരിക്കണം. അവരെകൂടി ഒരുമിച്ച് കൊണ്ട് വരണം,’ ശരദ് പവാര്‍ പറഞ്ഞു.

ഗാന്ധി എങ്ങനെ ഓഫീസ് കൈകാര്യം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ശരദ് പവാര്‍ പറഞ്ഞതിങ്ങനെയാണ്; ‘അദ്ദേഹം രാജ്യം മുഴുവന്‍ യാത്ര ചെയ്യണം. അദ്ദേഹം യാത്രചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണണം. ഇതൊക്കെ അദ്ദേഹം മുമ്പൊരു സമയത്ത് ചെയ്തിരുന്നത് കൂടിയാണ്. അതദ്ദേഹം തുടരണം. പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിക്കുന്നതിന് അത് പ്രധാനമാണ്,’ പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നതടക്കം
നരേന്ദ്ര മോദിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങളെക്കുറിച്ചും ശരദ് പവാറിനോട് അഭിമുഖത്തില്‍ ചോദിച്ചു. അത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് പവാര്‍ മറുപടി പറഞ്ഞത്.

‘അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനമായിരിക്കും. പക്ഷെ നിങ്ങള്‍ ഒരാളെ വ്യക്തിപരമായി ഉന്നംവെക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. അത് ഒഴിവാക്കേണ്ടതാണ്,’ പവാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more