അഹമ്മദാബാദ്: പട്ടേല്‍ സംവരണവിഷയത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശാല സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കവേയാണ് ഹാര്‍ദ്ദിക് പട്ടേലിന്റെ മുന്നറിയിപ്പ്.
നവംബര്‍ 3ന് സൂറത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദ്ദിക് പട്ടേലും പങ്കെടുക്കുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ആരാഞ്ഞ് പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് പട്ടേല്‍ പ്രക്ഷോഭ നേതാവിന്റെ പ്രതികരണം. നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ റാലിക്കുണ്ടായ വിധി തന്നെയാകും രാഹുലിനുമുണ്ടാകുകയെന്ന് പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്നാണ് പ്രധാനമായും ഇവര്‍ മുന്നോട്ടവെക്കുന്ന ആവശ്യം. ഹാര്‍ദ്ദിക് പട്ടേലിന് പിന്തുണ നല്‍കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സംവരണവുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നില്ല.