| Monday, 6th May 2019, 10:47 am

വോട്ടിനുവേണ്ടി രാഹുല്‍ ഗാന്ധി ഒരാളെ മരണക്കിടക്കയിലാക്കി... എന്തുകൊണ്ടാണ് രാഹുല്‍ അമേഠിയിലെത്താത്തതെന്നും സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ അമേഠിയില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എതിരാളിയായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. ചികിത്സ ലഭിക്കാതെ ഞായറാഴ്ച അമേഠി ആശുപത്രിയില്‍ ഒരാള്‍ മരണപ്പെട്ടതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.

കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഗുണഭോക്താവായി എന്ന ഒറ്റക്കാരണത്താലാണ് സഞ്ജയ് ഗാന്ധി ആശുപത്രി അയാള്‍ക്ക് ചികിത്സ നിഷേധിച്ചതെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.

സ്മൃതി ഇറാനിയ്ക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഈ ആശുപത്രിയുടെ ട്രസ്റ്റിയെന്നാണ് ഇവരുടെ ആരോപണം.

രാഹുല്‍ ഗാന്ധിയെ മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ‘ ആയുഷ് ഭാരത് കാര്‍ഡ് ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ രാഹുല്‍ ഗാന്ധി ട്രസ്റ്റിയായ ആശുപത്രിയില്‍ ഒരു വ്യക്തി ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നു’ എന്നാണ് സ്മൃതി പറഞ്ഞത്.

രാഷ്ട്രീയ നേട്ടത്തിനായി നിരപരാധിയായ ഒരു മനുഷ്യനെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണ് നെഹ്‌റു-ഗാന്ധി കുടുംബം. അവര്‍ അത്രത്തോളം തരംതാണവരാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

വോട്ടെടുപ്പു നടക്കുന്ന ദിവസം രാഹുല്‍ അമേഠിയില്‍ നില്‍ക്കാത്തതിനെയും സ്മൃതി ചോദ്യം ചെയ്തു. ‘ എന്തുകൊണ്ട് ഇന്ന് രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇല്ലെന്ന് ജനങ്ങളോട് പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്തുകൊണ്ട് അദ്ദേഹം രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് വിശദീകരിച്ചു കൊടുക്കണം.’ എന്നും സ്മൃതി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more