ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ അമേഠിയില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എതിരാളിയായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. ചികിത്സ ലഭിക്കാതെ ഞായറാഴ്ച അമേഠി ആശുപത്രിയില്‍ ഒരാള്‍ മരണപ്പെട്ടതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.
കേന്ദ്രസര്‍ക്കാറിന്റെ ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഗുണഭോക്താവായി എന്ന ഒറ്റക്കാരണത്താലാണ് സഞ്ജയ് ഗാന്ധി ആശുപത്രി അയാള്‍ക്ക് ചികിത്സ നിഷേധിച്ചതെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം.
സ്മൃതി ഇറാനിയ്ക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഈ ആശുപത്രിയുടെ ട്രസ്റ്റിയെന്നാണ് ഇവരുടെ ആരോപണം.
രാഹുല്‍ ഗാന്ധിയെ മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ‘ ആയുഷ് ഭാരത് കാര്‍ഡ് ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ രാഹുല്‍ ഗാന്ധി ട്രസ്റ്റിയായ ആശുപത്രിയില്‍ ഒരു വ്യക്തി ചികിത്സ നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയിരിക്കുന്നു’ എന്നാണ് സ്മൃതി പറഞ്ഞത്.