| Thursday, 30th May 2019, 6:14 pm

തോല്‍വിയുടെ കാരണം തിരക്കി രാഹുല്‍; കോണ്‍ഗ്രസ് സംഘം അമേഠിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ തിരിച്ചടിയുടെ കാരണം അറിയാന്‍ പ്രവര്‍ത്തകരെ മണ്ഡലത്തിലേക്ക് അയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സുബൈര്‍ഖാന്‍, കോണ്‍ഗ്രസിന്റെ റായ്ബറേലി ചുമതലയുള്ള കെ.എല്‍ ശര്‍മ എന്നിവരടങ്ങുന്ന സംഘത്തെയാണ് രാഹുല്‍ അമേഠിയിലേക്ക് അയച്ചത്. ഈ രണ്ട് നേതാക്കളും മണ്ഡലത്തില്‍ ഇത്ര വലിയ തോല്‍വി നേരിട്ടതിന് പിന്നിലുള്ള കാരണം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് .അമേഠിയിലെ തന്റെ വിജയത്തില്‍ അത്ഭുതമൊന്നുമില്ലെന്നും സ്മൃതി ഇറാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേഠിക്ക് പുറമേ വയനാട്ടിലും മത്സരിച്ച രാഹുല്‍ഗാന്ധിക്ക് മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും അമേഠിയിലെ തോല്‍വി വലിയ പാര്‍ട്ടിക്കും രാഹുലിനും വലിയ തിരിച്ചടിയാണ്.

2014ലും അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനി തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് മണ്ഡലം പിടിച്ചിരിക്കുന്നത്. 2014 ല്‍ തോറ്റെങ്കിലും അമേഠിയെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സമൃതി ഇറാനി കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇടക്കിടെ അമേഠി സന്ദര്‍ശിക്കുകയും അവിടുത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more