ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ പെരിയാറും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയും എഴുതിയ പുസ്തകങ്ങള്‍ അയച്ചുകൊടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എങ്കില്‍ മാത്രമേ മോദിക്കു തമിഴ്‌നാട്ടിലെ ജനങ്ങളെ മനസ്സിലാക്കാനാവൂ എന്നും രാഹുല്‍ പറഞ്ഞു.
തേനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേലം, കൃഷ്ണഗിരി, മധുര എന്നിവിടങ്ങളില്‍ നടന്ന റാലികളിലും രാഹുല്‍ സംസാരിച്ചു.
പ്രധാനമന്ത്രിക്ക് തമിഴ് ചരിത്രത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും ഒന്നുമറിയില്ല. ഇപ്പോള്‍ ഒരു കാര്യമാണ് മോദിയെക്കുറിച്ച് എനിക്ക് അത്ഭുതം തോന്നുന്നത്. ദല്‍ഹിയിലിരുന്ന് തമിഴ്‌നാട് ഭരിക്കാമെന്നും തമിഴ്‌നാട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാമെന്നും തമിഴ്‌നാട്ടില്‍ എന്തു സംഭവിക്കുമെന്നു തീരുമാനിക്കാമെന്നും അദ്ദേഹത്തിനു വിശ്വാസമുണ്ട്. തമിഴ് ചരിത്രത്തെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നെനിക്കു തോന്നുന്നില്ല. അദ്ദേഹത്തിനു തമിഴ് ഭാഷയും തമിഴരുടെ ആത്മാവും അറിയില്ല.
തമിഴ്‌നാടിന്റെ ഭാവി തീരുമാനിക്കുന്നത് തമിഴ് ജനതയ്ക്കു മാത്രമാണ്. തമിഴ് ജനത എന്തു ചെയ്യണമെന്നോ എന്തു ചെയ്യേണ്ടെന്നോ തീരുമാനിക്കാന്‍ കഴിയുന്ന ഒരു ശക്തി ഈ ലോകത്തിലില്ലെന്ന് അദ്ദേഹത്തിനറിയില്ല. വിദ്വേഷവും ദേഷ്യവും കൊണ്ട് തമിഴ് ജനതയെക്കൊണ്ട് എന്തും ചെയ്യിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ സ്‌നേഹം കൊണ്ട് അതാവും.