ആ ദിവസം ഒരിക്കലും മറക്കാനാവില്ല, മമ്മൂക്കയോട് കഥ പറയുമ്പോൾ തന്നെ എനിക്കത് മനസിലായി: രാഹുൽ സദാശിവൻ
Entertainment
ആ ദിവസം ഒരിക്കലും മറക്കാനാവില്ല, മമ്മൂക്കയോട് കഥ പറയുമ്പോൾ തന്നെ എനിക്കത് മനസിലായി: രാഹുൽ സദാശിവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 1:30 pm

ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് ഒരു പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ചിത്രീകരിച്ച മമ്മൂട്ടി ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ സദാശിവന്റെ മൂന്നാമത്തെ സിനിമയാണ് ഭ്രമയുഗം. റെഡ് റെയിൻ ആയിരുന്നു രാഹുലിന്റെ ആദ്യ ചിത്രം.

മമ്മൂട്ടിയോട് ഭ്രമയുഗത്തിന്റെ കഥ പറഞ്ഞ ദിവസം ഓർക്കുകയാണ് രാഹുൽ. തനിക്ക് ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് രാഹുൽ പറയുന്നത്. മമ്മൂട്ടിയോട് ഭ്രമയുഗത്തിന്റെ കഥ പറയാൻ കാത്തിരിക്കുകയായിരുന്നുവെന്നും അവസരം കിട്ടിയപ്പോൾ തിരക്കഥാകൃത്ത് ടി. ഡി. രാമകൃഷ്ണനോടൊപ്പം ചെന്ന് കഥ പറഞ്ഞെന്നും രാഹുൽ പറയുന്നു. മമ്മൂട്ടി ഇപ്പോൾ നല്ല ഹാപ്പിയാണെന്നും രാഹുൽ ജിഞ്ചർ മീഡിയയോട് കൂട്ടിച്ചേർത്തു.

 

‘ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. കുറേക്കാലമായി മമ്മൂക്ക തന്നെ ആ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ മമ്മൂക്കയുടെ അടുത്ത് ചെന്ന് കഥ പറഞ്ഞു.

കഥപറയുമ്പോൾ തന്നെ എനിക്ക് മനസിലായി മമ്മൂക്കക്ക്‌ അത് ഇഷ്ടമായിട്ടുണ്ടെന്ന്. അപ്പോൾ എന്നോട് നമുക്കിരിക്കാമെന്ന് പറഞ്ഞു. വേറൊരു ദിവസം ഇരിക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക്‌ ശേഷം മമ്മൂക്ക ഇന്ന് ഫ്രീയാണ് എന്നോട് വന്നോളാൻ പറഞ്ഞു. അതോടെ ഞാൻ ടി.ഡി. രാമകൃഷ്ണൻ സാറിനെയും കൂട്ടി മുഴുവൻ സ്ക്രിപ്റ്റുമായി മമ്മൂക്കയെ കാണാൻ പോയി. കഥ മൊത്തം വായിച്ചു.

അങ്ങനെ ഒരു രണ്ട് മൂന്ന് സിറ്റിങ് മമ്മൂക്കയുടെ വീട്ടിൽ ഉണ്ടായിരുന്നു. ആദ്യ പകുതി ഒരു ദിവസം, രണ്ടാം പകുതി മറ്റൊരു ദിവസം അങ്ങനെയാണ് ഭ്രമയുഗത്തിലേക്ക് എത്തുന്നത്. ഇപ്പോൾ മമ്മൂക്ക നല്ല ഹാപ്പിയാണ്. ഞങ്ങളെ എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നു,’ രാഹുൽ സദാശിവൻ പറയുന്നു.

Content Highlight: Rahul Sadhashivan Talk About First Experience With Mammootty