ആസിഫ് അലിയോ, അർജുൻ അശോകനോ മികച്ചത് ? ഭ്രമയുഗത്തിലെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ
Entertainment
ആസിഫ് അലിയോ, അർജുൻ അശോകനോ മികച്ചത് ? ഭ്രമയുഗത്തിലെ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 10:17 am

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിലെ അർജുൻ അശോകൻ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ പിന്നീട് അത് അർജുനിലേക്ക് പോവുകയായിരുന്നു. അർജുൻ അശോകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഭ്രമയുഗത്തിലെ തേവൻ.

എന്നാൽ തേവൻ എന്ന കഥാപാത്രം അർജുൻ അശോകൻ ചെയ്താലും ആസിഫ് അലി ചെയ്താലും ഇരുവരും നന്നായി അവതരിപ്പിക്കുമെന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നത്. രണ്ടുപേരും മികച്ച നടന്മാരാണെന്നും വ്യത്യസ്തമായ കണ്ണുകൾ ഇരുവർക്കുമുണ്ടെന്നും രാഹുൽ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

‘ആ കഥാപാത്രം അങ്ങനെയാണ്. അവരിൽ രണ്ടുപേരിൽ ആർക്ക് കിട്ടിയാലും അവർ നന്നായി ചെയ്യും. കാരണം രണ്ട് പേരും നല്ല എക്സ്ട്രാ ഓർഡിനറി അഭിനേതാക്കളാണ്. ആ കണ്ണ് രണ്ട് പേർക്കും ഉണ്ടല്ലോ. ആ വ്യത്യസ്തത ഇരുവർക്കുമുണ്ട്,’രാഹുൽ സദാശിവൻ പറയുന്നു.

ചിത്രത്തിലെ വേഷത്തിനെ കുറിച്ച് താൻ ആസിഫ് അലിയോട് പറഞ്ഞിരുന്നുവെന്നും അപ്പോൾ ഈ വേഷം ആസിഫ് അലിക്ക്‌ വന്നത് തനിക്ക് അറിയില്ലെന്ന് അർജുൻ അശോകനും കൂട്ടിച്ചേർത്തു.

‘ഭ്രമയുഗത്തിൽ നിന്ന് ആദ്യത്തെ വിളി വന്നപ്പോൾ തന്നെ ഞാൻ ആസിഫിക്കയോട് പറഞ്ഞത്, ആസിഫിക്ക ഭൂതകാലത്തിന്റെ സംവിധായകൻ വിളിച്ചിട്ടുണ്ട് മീറ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെന്ന്. അപ്പോൾ ആസിഫിക്ക പറഞ്ഞു, ആ ഞാൻ കേട്ട കഥയാണ് നീ കേട്ട് നോക്ക്‌ പൊളി പരിപാടിയാണ്. എനിക്കറിയില്ലായിരുന്നു അത് ആസിഫിക്കയ്ക്ക് വന്ന കഥയാണെന്ന്.

 

പിന്നീട് പടം ഇറങ്ങുന്നതിന് മുമ്പ് ഞാൻ ഇക്കയെ പോയി കണ്ടു. ചിത്രത്തിന്റ ട്രെയ്ലർ ഒക്കെ ഇറങ്ങിയതിന് ശേഷം. ഇക്കയ്ക്ക് നല്ല അഭിമാനമൊക്കെ തോന്നി.

എന്നോട് കുറേ സംസാരിച്ചു. എനിക്ക് നല്ല സന്തോഷമായി,’അർജുൻ അശോകൻ പറയുന്നു.

 

Content Highlight: Rahul Sadhashivan Talk About Arjun Ashokan’s Character In Bramayugam