|

അടുത്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ്, എക്‌സൈറ്റഡ് ആണോയെന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അല്ല എന്ന് പറഞ്ഞു: രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് മമ്മൂട്ടിയായിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയില്‍ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ പ്രകടനത്തെയും പലരും പ്രശംസിച്ചിരുന്നു.

ഭ്രമയുഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ചിത്രത്തിന്റെ തിരക്കഥ കഴിഞ്ഞ ശേഷം മമ്മൂട്ടിയെ പോയി കണ്ടെന്നും അടുത്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് എക്‌സൈറ്റഡ് ആണോയെന്ന് ചോദിച്ചപ്പോള്‍ അല്ല എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയതെന്നും രാഹുല്‍ സദാശിവന്‍ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭ്രമയുഗത്തിന്റെ തിരക്കഥയെല്ലാം ആയ ശേഷം ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി നമ്മുടെ അടുത്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ്. മമ്മൂക്കയാണ്. ഒരു പീരിയഡ് ഡ്രാമയാണ്. മമ്മൂക്ക എക്‌സൈറ്റഡ് ആണോ എന്ന് ചോദിച്ചു. അല്ല എന്നാണ് മമ്മൂക്ക നല്‍കിയ മറുപടി,’ രാഹുല്‍ സദാശിവന്‍ പറയുന്നു.

ഭൂതകാലം കഴിഞ്ഞ് ഒരു ദിവസം തന്നോട് ഛായാഗ്രാഹകന്‍ ഷെഹനാദ് ജലാല്‍ അടുത്ത സിനിമയുടെ പ്ലാന്‍ എന്താണെന്ന് ചോദിച്ചുവെന്നും ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ മറുപടി നല്‍കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഭൂതകാലം സിനിമ കഴിഞ്ഞിട്ട് ഒരു ദിവസം ഞാനും ഷെഹനാദിക്കയും സംസാരിച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട് അടുത്ത സിനിമയുടെ പ്ലാന്‍ എന്താണെന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

അപ്പോള്‍ പെട്ടെന്ന് തന്നെയുള്ള അദ്ദേഹത്തിന്റെ മറുപടി ‘ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യുകയെന്നത് എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു’ എന്നായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ കണക്ടായി. ആ ഷൂട്ടിങ് സമയത്ത് തന്നെ ഞങ്ങള്‍ കണക്ടായി എന്നതാണ് സത്യം. പിന്നെയുള്ള യാത്രകള്‍ ഒരുമിച്ചായിരുന്നു,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

Content Highlight: Rahul Sadasivan talks About Mammootty And Bramayugam Movie