| Thursday, 21st March 2024, 9:31 pm

എന്റെ ആ സിനിമയുടെ കഥക്ക് ഡെപ്ത്തില്ല; എന്നാല്‍ പ്രേക്ഷകര്‍ക്ക് ഷോട്ടുകളില്‍ ഭംഗി തോന്നി: രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററിലെത്തിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് രാഹുല്‍ സദാശിവനായിരുന്നു. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഭ്രമയുഗം. നരേന്‍ നായകനായി 2013ല്‍ റിലീസായ റെഡ് റെയിനായിരുന്നു ആദ്യ ചിത്രം.

ഷെയ്ന്‍ നിഗവും രേവതിയും ഒന്നിച്ച ഭൂതകാലമാണ് രാഹുലിന്റെ രണ്ടാമത്തെ ചിത്രം. 2022ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളെ കുറിച്ച് പറയുകയാണ് രാഹുല്‍ സദാശിവന്‍.

മൂന്ന് സിനിമകളും മൂന്ന് രീതിയിലാണെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണെന്നും പക്ഷേ തനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിയാതെ പോയത് കാരണം പടം വര്‍ക്കായില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് നോക്കുമ്പോള്‍ ആ സിനിമയിലെ ഷോട്ടുകള്‍ക്കൊക്കെ ഭംഗി തോന്നുമെങ്കിലും അതിന്റെ സ്റ്റോറിക്ക് ഡെപ്ത് ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ സദാശിവന്‍ കൂട്ടിച്ചേര്‍ത്തു.

‘മൂന്ന് സിനിമകളും മൂന്ന് രീതിയിലാണ്. ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണ്. പക്ഷേ എനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പടം അത്ര വര്‍ക്കായില്ല.

പ്രേക്ഷകര്‍ക്ക് നോക്കുമ്പോള്‍ ഷോട്ടൊക്കെ ഭംഗിയില്‍ കാണുമായിരിക്കും. എന്നാല്‍ അതിന്റെ സ്റ്റോറിക്ക് അത്ര ഡെപ്ത് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ പടം റീവിസിറ്റ് ചെയ്യാറില്ല. കഴിഞ്ഞാല്‍ കഴിഞ്ഞതാണ്. എന്നാല്‍ ഭ്രമയുഗം ഞാന്‍ ഇപ്പോള്‍ എന്‍ജോയ് ചെയ്യുന്നു.

ഭൂതകാലം ഞാന്‍ റീവിസിറ്റ് ചെയ്യുമോയെന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ ഒരു തവണ പോലും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെടുത്തു, അതിന് നല്ല ഒരു സ്‌പേസ് ഉണ്ടായി. ബഡ്ജറ്റ്, കാസ്റ്റിങ് ഇവയിലൊക്കെ വ്യത്യസ്തമായ സിനിമകളാണ് മൂന്നും,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

ഭ്രമയുഗത്തിന്റെ തുടര്‍ച്ച എഴുതുകയോ ആലോചിക്കുകയോ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി.

‘ചിത്രത്തിന്റെ തുടര്‍ച്ച എഴുതുകയോ ആലോചിക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ അതിന്റെ സീക്വലോ പ്രീക്വലോ ഉണ്ടാവില്ല, എന്നാല്‍ സാധ്യതകളുണ്ട്. പക്ഷേ അറിയില്ല. ഇപ്പോള്‍ ഭ്രമയുഗത്തിന്റെ എക്സൈറ്റ്മെന്റിന്റെ ഫേസ് കഴിഞ്ഞു. ഇപ്പോള്‍ അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നതിലേക്കാണ് എന്റെ എക്സൈറ്റ്മെന്റ്. എന്നാല്‍ ഭ്രമയുഗത്തിന്റെ തുടര്‍ച്ച സാധ്യമാണ്,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.


Content Highlight: Rahul Sadasivan Talks About His Red Rain Movie

We use cookies to give you the best possible experience. Learn more