ഈ വര്‍ഷം തിയേറ്ററിലെത്തുന്ന സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബഹറൈനിലെ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ഭ്രമയുഗത്തിന്റെ കഥ എഴുതുന്നത് ഭൂതകാലത്തിന് മുമ്പാണെന്നും ഭൂതക്കാലം സിനിമ കഴിഞ്ഞപ്പോള്‍ ഇനിയെന്ത് ചെയ്യണമെന്ന ചിന്ത വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലം റിലീസായപ്പോഴാണ് തനിക്ക് കുറച്ച് ആത്മവിശ്വാസം വന്നുവെന്ന് പറയുന്ന രാഹുല്‍ അതോടെ ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചെയ്യാമെന്നും നായകനായി മമ്മൂട്ടിയെ കൊണ്ടുവരാമെന്നും തീരുമാനിക്കുകയായിരുന്നെന്നും അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഭൂതക്കാലം സിനിമ കഴിഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നൊരു ചിന്ത വന്നു. ഭ്രമയുഗം എഴുതുന്നത് ഭൂതകാലത്തിന് മുമ്പാണ്. ആ സിനിമ റിലീസായപ്പോള്‍ എനിക്ക് കുറച്ച് കോണ്‍ഫിഡന്‍സ് വന്നു. അതോടെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചെയ്യാമെന്നും മമ്മൂക്കയെ കൊണ്ടുവരാമെന്നും തീരുമാനിച്ചു,’ രാഹുല്‍ സദാശിവന്‍ പറയുന്നു.
മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്. ഭ്രമയുഗം ഒരിക്കലും ബ്ലാക്ക് ആന്‍ഡ് വൈറ്റിന് പകരം കളറില്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാന്‍ ഈ സിനിമ കളറില്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഭ്രമയുഗം ചെയ്യുകയാണെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ ചെയ്യാമെന്നായിരുന്നു. ഇത് ഹൊറര്‍ ഴോണറിലുള്ള സിനിമ തന്നെയാണ്. പക്ഷേ ഭൂതകാലം പോലെ പേടിപ്പിക്കുന്ന ഒന്നല്ല.
എങ്കിലും ഭ്രമയുഗവും പേടിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വേറൊരു തരത്തിലുള്ള ഹൊററാണ് ഇതില്‍ പരീക്ഷിച്ചിട്ടുള്ളത്. പാരാനോര്‍മല്‍ എന്നതിനെക്കാള്‍ മിസ്റ്ററി, സസ്പെന്‍സ് എന്നീ കാര്യങ്ങള്‍ കൂടുതലുള്ള സിനിമയാണ്,’ രാഹുല്‍ പറയുന്നു.
Content Highlight: Rahul Sadasivan Talks About Bramayugam Movie