2024ല്‍ അന്യഭാഷയിലടക്കം ചര്‍ച്ചയായി മാറിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു എത്തിയത്. ഗംഭീര വിഷ്വല്‍ ട്രീറ്റായിരുന്നു ഭ്രമയുഗം പ്രേക്ഷര്‍ക്ക് സമ്മാനിച്ചത്.
ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഭ്രമയുഗത്തിന് സാധിച്ചിരുന്നു. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് മലയാളികള്‍ ഈ സിനിമയില്‍ കണ്ടത്. 2024ലെ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സിനിമ കൂടെയാണ് ഭ്രമയുഗം.
ചിത്രത്തിന്റെ സിനിമറ്റോഗ്രാഫി നിര്‍വഹിച്ചത് ഷെഹനാദ് ജലാല്‍ ആയിരുന്നു. രാഹുല്‍ സദാശിവന്റെ ഭൂതകാലം എന്ന സിനിമയിലും അദ്ദേഹം തന്നെയായിരുന്നു ക്യാമറ ചലിപ്പിച്ചത്. ഇപ്പോള്‍ ഷെഹനാദ് ജലാലിനെ കുറിച്ചും ഭ്രമയുഗം സിനിമയെ കുറിച്ചും പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
ഭൂതകാലം കഴിഞ്ഞ് ഒരു ദിവസം തന്നോട് ഷെഹനാദ് ജലാല്‍ അടുത്ത സിനിമയുടെ പ്ലാന്‍ എന്താണെന്ന് ചോദിച്ചുവെന്നും ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താന്‍ മറുപടി നല്‍കിയെന്നും രാഹുല്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭൂതകാലം സിനിമ കഴിഞ്ഞിട്ട് ഒരു ദിവസം ഞാനും ഷെഹനാദിക്കയും സംസാരിച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട് അടുത്ത സിനിമയുടെ പ്ലാന്‍ എന്താണെന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
അപ്പോള്‍ പെട്ടെന്ന് തന്നെയുള്ള അദ്ദേഹത്തിന്റെ മറുപടി ‘ബ്ലാക്ക് ഏന്‍ഡ് വൈറ്റില്‍ ഒരു സിനിമ ചെയ്യുകയെന്നത് എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു’ എന്നായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ കണക്ടായി. ആ ഷൂട്ടിങ് സമയത്ത് തന്നെ ഞങ്ങള്‍ കണക്ടായി എന്നതാണ് സത്യം. പിന്നെയുള്ള യാത്രകള്‍ ഒരുമിച്ചായിരുന്നു,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.
Content Highlight: Rahul Sadasivan Talks About Bramayugam And Shehnad Jalal