ഭ്രമയുഗത്തിന്റെ തുടര്‍ച്ച സാധ്യം; എന്നാല്‍ അതിന്റെ എക്‌സൈറ്റ്‌മെന്റ് ഫേസ് കഴിഞ്ഞു: രാഹുല്‍ സദാശിവന്‍
Entertainment news
ഭ്രമയുഗത്തിന്റെ തുടര്‍ച്ച സാധ്യം; എന്നാല്‍ അതിന്റെ എക്‌സൈറ്റ്‌മെന്റ് ഫേസ് കഴിഞ്ഞു: രാഹുല്‍ സദാശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th March 2024, 11:53 am

വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഈയിടെ അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നുമുള്ള മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോള്‍ സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഭ്രമയുഗത്തെ കുറിച്ച് സംസാരിക്കുകയാണ് രാഹുല്‍ സദാശിവന്‍. ചിത്രത്തിന്റെ തുടര്‍ച്ച എഴുതുകയോ ആലോചിക്കുകയോ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിന്റെ തുടര്‍ച്ച എഴുതുകയോ ആലോചിക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ അതിന്റെ സീക്വലോ പ്രീക്വലോ ഉണ്ടാവില്ല, എന്നാല്‍ സാധ്യതകളുണ്ട്. പക്ഷേ അറിയില്ല. ഇപ്പോള്‍ ഭ്രമയുഗത്തിന്റെ എക്‌സൈറ്റ്‌മെന്റിന്റെ ഫേസ് കഴിഞ്ഞു. ഇപ്പോള്‍ അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നതിലേക്കാണ് എന്റെ എക്‌സൈറ്റ്‌മെന്റ്. എന്നാല്‍ ഭ്രമയുഗത്തിന്റെ തുടര്‍ച്ച സാധ്യമാണ്,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

തന്റെ മൂന്ന് സിനിമകളും മൂന്ന് രീതിയിലാണെന്നും അദ്ദേഹം പറയുന്നു. ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണെന്നും പക്ഷേ തനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിയാതെ പോയത് കാരണം പടം വര്‍ക്കായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘മൂന്ന് സിനിമകളും മൂന്ന് രീതിയിലാണ്. ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണ്. പക്ഷേ എനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പടം അത്ര വര്‍ക്കായില്ല.

പ്രേക്ഷകര്‍ക്ക് നോക്കുമ്പോള്‍ ഷോട്ടൊക്കെ ഭംഗിയില്‍ കാണുമായിരിക്കും. എന്നാല്‍ അതിന്റെ സ്റ്റോറിക്ക് അത്ര ഡെപ്ത് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്റെ പടം റീവിസിറ്റ് ചെയ്യാറില്ല. കഴിഞ്ഞാല്‍ കഴിഞ്ഞതാണ്. എന്നാല്‍ ഭ്രമയുഗം ഞാന്‍ ഇപ്പോള്‍ എന്‍ജോയ് ചെയ്യുന്നു.

ഭൂതകാലം ഞാന്‍ റീവിസിറ്റ് ചെയ്യുമോയെന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ ഒരു തവണ പോലും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. ആ സിനിമയെടുത്തു, അതിന് നല്ല ഒരു സ്പേസ് ഉണ്ടായി. ബഡ്ജറ്റ്, കാസ്റ്റിങ് ഇവയിലൊക്കെ വ്യത്യസ്തമായ സിനിമകളാണ് മൂന്നും,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.


Content Highlight: Rahul Sadasivan Talks About Bramayugam