| Wednesday, 20th March 2024, 1:43 pm

രണ്ട് വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല; എന്നാല്‍ ഭ്രമയുഗം എന്‍ജോയ് ചെയ്യുന്നു: രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സ്വന്തം സിനിമ വീണ്ടും കാണാറില്ലെന്ന് പറയുകയാണ് രാഹുല്‍ സദാശിവന്‍. ഒരു സിനിമ കഴിഞ്ഞാല്‍ കഴിഞ്ഞതാണെന്നും എന്നാല്‍ ഭ്രമയുഗം താന്‍ ഇപ്പോള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രണ്ടാമത്തെ ചിത്രമായ ഭൂതകാലം രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ ഒരു തവണ പോലും താന്‍ കണ്ടിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ സദാശിവന്‍.

‘ഞാന്‍ എന്റെ പടം റീവിസിറ്റ് ചെയ്യാറില്ല. കഴിഞ്ഞാല്‍ കഴിഞ്ഞതാണ്. എന്നാല്‍ ഭ്രമയുഗം ഞാന്‍ ഇപ്പോള്‍ എന്‍ജോയ് ചെയ്യുന്നു. ഭൂതകാലം ഞാന്‍ റീവിസിറ്റ് ചെയ്യുമോയെന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ ഒരു തവണ പോലും ഞാന്‍ ആ സിനിമ കണ്ടിട്ടില്ല.

ആ സിനിമയെടുത്തു, അതിന് നല്ല ഒരു സ്പേസ് ഉണ്ടായി. ബഡ്ജറ്റ്, കാസ്റ്റിങ് ഇവയിലൊക്കെ പരസ്പരം വ്യത്യസ്തമാണ് എന്റെ മൂന്ന് സിനിമകളും,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

തന്റെ മൂന്ന് സിനിമകളും മൂന്ന് രീതിയിലാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ആദ്യ സിനിമയായ റെഡ് റെയിന്‍ ഒരു വാശിയുടെ പുറത്ത് എടുത്തതാണെന്നും പക്ഷേ തനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിയാതെ പോയത് കാരണം പടം വര്‍ക്കായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘മൂന്ന് സിനിമകളും മൂന്ന് രീതിയിലാണ്. ആദ്യ സിനിമ ഒരു വാശിയുടെ പുറത്ത് എടുത്തതാണ്. പക്ഷേ എനിക്ക് അന്ന് ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കാന്‍ കഴിഞ്ഞില്ല.

അതുകൊണ്ട് പടം അത്ര വര്‍ക്കായില്ല. പ്രേക്ഷകര്‍ക്ക് നോക്കുമ്പോള്‍ ഷോട്ടൊക്കെ ഭംഗിയില്‍ കാണുമായിരിക്കും. എന്നാല്‍ അതിന്റെ സ്റ്റോറിക്ക് അത്ര ഡെപ്ത് ഒന്നും ഉണ്ടായിരുന്നില്ല,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.


Content Highlight: Rahul Sadasivan Talks About Bhoothakalam

We use cookies to give you the best possible experience. Learn more