| Sunday, 5th January 2025, 9:50 am

കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല: രാഹുല്‍ സദാശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്യഭാഷയിലടക്കം ചര്‍ച്ചയായി മാറിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരുന്നത്. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്തിയ ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് മലയാളികള്‍ കണ്ടത്.

കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ ഭ്രമയുഗം എന്ന സിനിമയേ ഉണ്ടാകില്ലെന്ന് പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ആ കഥാപാത്രത്തിന് വേറെ ഓപ്ഷന്‍ താന്‍ ആലോചിച്ചിട്ടില്ലെന്നും സിനിമയുടെ പ്രാരംഭ ചര്‍ച്ചമുതല്‍ മമ്മൂട്ടിയായിരുന്നു കൊടുമണ്‍ പോറ്റിയായി മനസിലെന്നും രാഹുല്‍ സദാശിവന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊടുമണ്‍ പോറ്റി മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ ഭ്രമയുഗം എന്ന ചിത്രമേ ഉണ്ടാകില്ലായിരുന്നു. വേറെ ഓപ്ഷനെ കുറിച്ച് ചിന്തിച്ചിട്ടില്ല. സിനിമയുടെ ആദ്യ ആലോചന മുതല്‍ എന്റെ മനസില്‍ മമ്മൂക്ക തന്നെ ആയിരുന്നു, കുറേ കാലത്തേക്ക് മമ്മൂക്ക തന്നെ ആയിരുന്നു. മമ്മൂക്ക ഡേറ്റ് തന്നില്ലായിരുന്നെങ്കില്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല.

മമ്മൂക്ക കൊടുമണ്‍ പോറ്റി ആയി എത്തണമെന്ന് ഞാന്‍ ആദ്യം മുതല്‍ തന്നെ മാനിഫെസ്റ്റ് ചെയ്തിട്ടുണ്ട്. എഴുതുമ്പോള്‍ തന്നെ മനസില്‍ മമ്മൂക്കയായിരുന്നു. ഞാന്‍ ആദ്യം സ്‌കെച്ച് വരച്ചതും മമ്മൂക്കയുടെ ആയിരുന്നു. മമ്മൂക്കയെ ആദ്യമായി കാണാന്‍ പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കാണിച്ച് കൊടുത്തതും ആ സ്‌കെച്ചാണ്.

വേറെ ഒരു ആര്‍ട്ടിസ്റ്റ് എനിക്ക് വരച്ച് തന്ന മമ്മൂക്കയുടെ ക്യാരക്ടര്‍ സ്‌കെച്ച്. അതാണ് ഞാന്‍ കഥപറയാന്‍ പോയപ്പോള്‍ മമ്മൂക്കക്ക് കാണിച്ച് കൊടുത്തത്. അത് കണ്ട് ആ കൊള്ളാലോ എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ചാത്തന്‍ എന്ന ആ ഒരു സംഭവം മമ്മൂക്കയെ വല്ലാതെ എക്‌സൈറ്റ് ചെയ്യിപ്പിച്ച് എന്നാണ് എനിക്ക് തോന്നുന്നത്,’ രാഹുല്‍ സദാശിവന്‍ പറയുന്നു.

Content Highlight: Rahul Sadasivan Says There Is N0 other Option For koduman potti In Bramayugam Movie Other Than Mammootty

We use cookies to give you the best possible experience. Learn more