Entertainment
'ഭൂതകാലം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ഇന്‍സ്പിറേഷനായത് ആ മമ്മൂട്ടി സിനിമ': രാഹുല്‍ സദാശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 20, 06:54 am
Tuesday, 20th February 2024, 12:24 pm

തന്റെ ആദ്യ സിനിമയായ റെഡ് റെയിന്‍ മുതല്‍ വ്യത്യസ്തത പരീക്ഷിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. മലയാളത്തിലെ ആദ്യ ഏലിയന്‍ സിനിമ എന്ന വിശേഷണത്തോടെ വന്ന റെഡ് റെയിന്‍ കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രമാണ്. രാഹുലിന്റെ രണ്ടാമത്തെ ചിത്രം ഭൂതകാലം മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായഒരു ഹൊറര്‍ സിനിമയായിരുന്നു. മൂന്നാമത്തെ ചിത്രം ഭ്രമയുഗം ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ സിനിമയാണ്. മികച്ച പ്രതികരണമാണ് ഭ്രമയുഗത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രണ്ടാമത്തെ സിനിമയായ ഭൂതകാലത്തിന് പ്രചോദനമായ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംസാരിച്ചു. മമ്മൂട്ടിയെക്കുറിച്ചുള്ള ഓര്‍മകളെപ്പറ്റി സംസാരിക്കവെയായിരുന്നു രാഹുല്‍, ഭൂതകാലത്തിന് പ്രചോദനമായ മമ്മൂട്ടിയുടെ സിനിമയെപ്പറ്റി സംസാരിച്ചത്.

‘ചെറുപ്പം മുതല്‍ നമ്മുടെ ലൈഫിന്റെ ഭാഗമാണ് മമ്മൂക്ക. അതിന്റെയൊരു ഇന്‍ഫ്‌ളുവെന്‍സ് എപ്പോഴും നമ്മുടെ തലയ്ക്കകത്ത് ഉണ്ടാകും. എഴുതുമ്പോഴും, കഥാപാത്രങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും അത് ഉണ്ടാകും. എന്റെ പ്രീവിയസ് ഫിലിം ഭൂതകാലത്തിലും ഉണ്ടായ വലിയൊരു ഇന്‍ഫ്‌ളുവന്‍സായിരുന്നു തനിയാവര്‍ത്തനം എന്ന സിനിമ. സൊസൈറ്റി ഒരാളെ ഭ്രാന്തനാക്കുന്ന സിനിമയാണ് അത്. ഒരു സോഷ്യല്‍ സ്റ്റിഗ്മയാണത്. വലിയൊരു റഫറന്‍സ് പോയിന്റാണത് എനിക്ക്.

കൊടുമണ്‍ പോറ്റി എന്ന ക്യാരക്ടറിനെപ്പറ്റി മമ്മൂക്കയോട് പറഞ്ഞപ്പോഴും ഇതുപോലെ ഒരുപാട് റഫറന്‍സ് പോയിന്റുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പല സീനിലും നമുക്ക് ഇതുപോലെ ഒരെണ്ണം ചെയ്യാമെന്ന് പറയുമ്പോള്‍ പുള്ളി അതിനെക്കാള്‍ മികച്ച ഒരു എന്‍ഹാന്‍സ്ഡ് വെര്‍ഷന്‍ നമ്മളെ കാണിക്കും’ രാഹുല്‍ പറഞ്ഞു.

മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ക്രിസ്റ്റോ സേവിയറാണ് ചിത്രത്തിന്റെ സംഗീതം. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഭാഷണമെഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ്.

Content Highlight: Rahul Sadasivan reveals the movie inspired for Bhoothakalam