തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയുഗം. വെറും മൂന്ന് കഥാപാത്രങ്ങളും ഒറ്റ ലൊക്കേഷനുമുള്ള ഭ്രമയുഗം, ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച സിനിമാനുഭവമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരാണ് മമ്മൂട്ടിയെക്കൂടാതെയുള്ള പ്രധാന താരങ്ങള്‍. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമയെടുക്കാനുള്ള കാരണത്തെപ്പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കാന്‍ ഏതെങ്കിലും സിനിമയോ കോമിക്കോ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് സംംവിധായകന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുപാട് റഫറന്‍സുണ്ട്. യൂറോപ്യന്‍ ഫിലിംസ്, അമേരിക്കന്‍ ഫിലിംസിലൊക്കെ ധാരാളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുണ്ട്. അതുപോലെ ജാപ്പനീസ് സിനിമകള്‍ എടുത്തുനോക്കിയാല്‍ കുറസോവയുടെ സിനിമകളൊക്കെ ഗ്രേറ്റായിട്ടുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളാണ്. അതുപോലെ തര്‍ക്കോവ്‌സ്‌കിയുടെ സിനിമകളും അതുപോലെ റഫറന്‍സാണ്. പക്ഷേ ഇവിടെ ആ ഫോര്‍മാറ്റ് നമ്മള്‍ മറന്നു. ഇവിടത്തെ ക്രിയേറ്റീവ് ലിബര്‍ട്ടി, കളറിലേ സിനിമ കാണുള്ളൂ എന്ന ഓഡിയന്‍സിന്റെ മൈന്‍ഡ്‌സെറ്റിനെ ബ്രേക്ക് ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു.
അതുപോലെ ഈ ഐഡിയ കണ്‍സീവ് ചെയ്യുമ്പോഴും കളറില്‍ ചെയ്യണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് എക്‌സൈറ്റ്‌മെന്റെന്ന് എനിക്ക് തോന്നി. ആ എക്‌സൈറ്റ്‌മെന്റ് ആദ്യം മുതലേ തോന്നിയ മറ്റൊരാളാണ് ഈ സിനിമയുടെ പ്രൊഡ്യൂസര്‍. അത് ബിലീവ് ചെയ്തയാളാണ് പുള്ളി. ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് വര്‍ക്കാവുകയെന്ന് പുള്ളിയും പറഞ്ഞിരുന്നു. അങ്ങനെ പറയുമ്പോള്‍ നമുക്ക് കിട്ടുന്ന കോണ്‍ഫിഡന്‍സ് വേറെയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അത് വളരെ റെയറാണ്. സോ, ഫസ്റ്റ് തൊട്ടേ ബ്ലാക്ക് ആന്‍ഡ് വൈറ്റല്ലാതെ വേറെ ചിന്തിച്ചിട്ടില്ല’ രാഹുല്‍ പറഞ്ഞു.
Content Highlight: Rahul Sadasivan explains the reason for why he choose black and white for Bramayugam