മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കിൽ ഭ്രമയുഗം നടക്കില്ലെന്ന് സംവിധായകൻ രാഹുൽ സദാശിവൻ. മമ്മൂട്ടി അല്ലാതെ വേറൊരു ഓപ്ഷൻ തനിക്ക് ഇല്ലായിരുന്നെന്നും രാഹുൽ പറഞ്ഞു. മമ്മൂട്ടിക്ക് പകരം വേറെ ഒരാളെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം യെസ് പറയുന്ന കാലത്ത് എടുക്കുമായിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ സദാശിവൻ.
‘മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കിൽ ഇന്നീ സിനിമ ഇല്ല. ഭ്രമയുഗമില്ല. മമ്മൂക്ക അല്ലാതെ വേറെ ഒരു ഓപ്ഷനില്ല. ഞാൻ മമ്മൂക്കയ്ക്ക് പകരം വേറെ ഒരാളെ ആലോചിച്ചിട്ടുമില്ല. എന്നെങ്കിലും മമ്മൂക്ക യെസ് പറയുന്ന കാലത്തെടുക്കും,’ രാഹുൽ സദാശിവൻ പറഞ്ഞു.
മമ്മൂട്ടിയോട് ഭ്രമയുഗത്തിന്റെ കഥ പറഞ്ഞ ദിവസത്തെക്കുറിച്ചും രാഹുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടിയുടെ അടുത്ത് പോയ ദിവസം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം തന്നെ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പോയതെന്നും രാഹുൽ പറഞ്ഞു ‘ആ ദിവസം ഒരിക്കലും മറക്കില്ല. കുറേക്കാലമായിട്ട് മമ്മൂക്ക തന്നെ ചെയ്യണം എന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ അടുത്തുപോയി. കഥ പറയുമ്പോൾ തന്നെ മനസിലായി മമ്മൂക്കയ്ക്ക് അത് ഇഷ്ടമായെന്ന്. അതുകഴിഞ്ഞപ്പോൾ മമ്മൂക്ക വേറെ ഒരു ദിവസം ഇരിക്കാമെന്ന് പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്കു ശേഷം മമ്മൂക്ക ഫ്രീ ആണെന്ന് പറഞ്ഞു. വരാൻ പറഞ്ഞു. ഫുൾ സ്ക്രിപ്റ്റുമായിട്ട് ടി.ഡി രാമകൃഷ്ണൻ സാറുമായി പോയി. കഥ മുഴുവൻ വായിച്ച് രണ്ടുമൂന്ന് പ്രാവശ്യമിരുന്നു. നമുക്കിവിടെ വീട്ടിൽ വെച്ച് റീഡിങ് സെഷൻ ഉണ്ടായിരുന്നു. ഫസ്റ്റ് ഹാഫ് ഒരു ദിവസം സെക്കൻഡ് ഹാഫ് പിന്നെ ഒരു ദിവസം, അങ്ങനെയാണ് ബാക്കി പറഞ്ഞു തീർത്തത്,’ രാഹുൽ സദാശിവൻ പറഞ്ഞു. സിനിമ റിലീസ് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നല്ല ഹാപ്പിയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നു. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്.
Content Highlight: Rahul sadasivan about who will be act while mammoty ignore the movie