2024ല്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട സിനിമകളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമായിരുന്നു. കൊടുമണ്‍ പോറ്റിയായും ചാത്തനായുമുള്ള മമ്മൂട്ടിയുടെ പ്രകടനം കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.
ചിത്രത്തിനോട് മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. മമ്മൂട്ടി നോ പറഞ്ഞിരുന്നെങ്കില്‍ ഭ്രമയുഗം എന്ന സിനിമ തന്നെ സംഭവിക്കില്ലെന്ന് രാഹുല്‍ സദാശിവന്‍ പറഞ്ഞു. അദ്ദേഹത്തെ മനസില്‍ കണ്ടാണ് ഓരോ സീനും എഴുതിയതെന്നും മമ്മൂട്ടിയല്ലാതെ മറ്റൊരു ഓപ്ഷന്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കൊടുമണ്‍ പോറ്റിയായി മമ്മൂട്ടിയുടെ രൂപം ആദ്യമേ തന്റെ മനസില്‍ ഉണ്ടായിരുന്നെന്നും സുഹൃത്തിനെക്കൊണ്ട് വരപ്പിച്ചിരുന്നെന്നും രാഹുല്‍ പറഞ്ഞു. കഥ പറയാന്‍ വേണ്ടി ചെന്നപ്പോള്‍ ആ സ്‌കെച്ച് അദ്ദേഹത്തെ കാണിച്ചെന്നും സംഗതി കൊള്ളാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയാണ് ചാത്തന്‍ എന്ന് പറയുന്ന ഭാഗമായിരിക്കാം അദ്ദേഹത്തെ ഏറ്റവുമധികം എക്‌സൈറ്റ് ചെയ്തതെന്ന് താന്‍ വിചാരിക്കുന്നെന്നും രാഹുല്‍ പറഞ്ഞു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്ന സിനിമ എന്ന കാരണവും, മൂന്ന് കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളൂ എന്നതും മറ്റ് കാരണങ്ങളായിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് മിനിറ്റ് കൊണ്ട് താന്‍ സിനിമയുടെ ഏകദേശ കഥ താന്‍ പറഞ്ഞെന്നും അതില്‍ തന്നെ മമ്മൂട്ടി എക്‌സൈറ്റഡായെന്നും രാഹുല്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍ സദാശിവന്‍.
‘മമ്മൂക്ക ഭ്രമയുഗത്തിനോട് നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ തന്നെ സംഭവിക്കില്ലായിരുന്നു. എന്റെ മുന്നില്‍ മറ്റൊരു ഓപ്ഷനില്ല. സിനിമയുടെ കഥ തയാറാക്കുമ്പോള്‍ തന്നെ കൊടുമണ്‍ പോറ്റിയായി മമ്മൂക്കയായിരുന്നു. എന്റെ കൈയില്‍ ഒരു സ്‌കെച്ച് ഒക്കെ ഉണ്ടായിരുന്നു. ആ ക്യാരക്ടറിന്റെ രൂപത്തില്‍ മമ്മൂക്ക വന്നാല്‍ എങ്ങനെയുണ്ടാകുമെന്നുള്ള ധാരണയില്‍ എന്റെ ഒരു ഫ്രണ്ടിനെ കൊണ്ട് വരപ്പിച്ചതായിരുന്നു.
മമ്മൂക്കയുടെ കഥ പറയാന്‍ ചെന്ന സമയത്ത് ആ സ്‌കെച്ച് അദ്ദേഹത്തെ കാണിച്ചിട്ട്, ‘ഇതാണ് എന്റെ മനസിലുള്ള രൂപം’ എന്ന് പറഞ്ഞു. പുള്ളി അത് കണ്ടിട്ട് ‘സംഗതി കൊള്ളാം’ എന്ന് പറഞ്ഞു. ഈ പടത്തില്‍ മമ്മൂക്കയാണ് ചാത്തന്‍ എന്ന് റിവീല്‍ ചെയ്യുന്ന പോര്‍ഷനാണ് അദ്ദേഹത്തെ ഒരുപാട് എക്‌സൈറ്റ് ചെയ്യിച്ചത്. അത് കേട്ട ഉടനെ പുള്ളി ഓക്കെ പറഞ്ഞു. പിന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് എടുക്കുന്നതെന്നും മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നതും പുള്ളിയെ കുറച്ചുകൂടി എക്‌സൈറ്റ് ചെയ്യിച്ചിട്ടുണ്ട്,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.
Content Highlight: Rahul Sadasivan about the scene that excited Mammootty in Bramayugam