പൂർണ്ണമായും ഒരു ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടുമ്പോൾ കഥാപാത്രത്തിന്റെ മേക്കപ്പ് എടുത്തു പറയേണ്ടതാണ്.
തലയിൽ നരയുള്ള, നിരന്തരം മുറുക്കുന്ന, പ്രായമായ ഒരു കഥാപാത്രത്തെ മമ്മൂട്ടിയിലേക്ക് വരച്ചിടുമ്പോൾ അതിന് കൃത്യമായ മേക്കപ്പിന് പ്രാധാന്യമുണ്ട്. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മേക്കപ്പിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.
ആ ഒരു കഥാപാത്രത്തിന് എന്തുവേണമെന്ന് സ്കെച്ചിലും കാര്യങ്ങളിലും ഒക്കെ ഉണ്ടായിരുന്നെന്ന് രാഹുൽ പറഞ്ഞു. കഥാപാത്രത്തിന് പല്ലിന് കറ വേണമെന്നും മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ സദാശിവൻ.
‘ആ ഒരു ക്യാരക്ടറിന് അത് വേണമെന്നത് സ്കെച്ചിലും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. മമ്മൂക്കയുടെ അടുത്ത് പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറഞ്ഞു. കാരണം പല്ലിന് കറ വേണം. മുറുക്കുന്ന ഒരു ക്യാരക്ടർ ആകുമ്പോൾ കറ വേണം. അത് എങ്ങനെ ചെയ്യാം എന്ന് ഓർത്തപ്പോൾ ആകെ ഒറ്റ ഓപ്ഷനെ ഉള്ളൂ. മേക്കപ്പും നരയിടുന്നതും ഹെയർ സ്റ്റൈൽ എല്ലാം കൃത്യമായി ഡിസൈൻ ചെയ്തതാണ്,’ രാഹുൽ സദാശിവൻ പറഞ്ഞു.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്.
17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Rahul sadasivan about Mammootty’s makeup