| Wednesday, 28th February 2024, 8:17 am

കൊടുമൺ പോറ്റിയുടെ മാല പിന്നീട് കൂട്ടിച്ചേർത്തതാണ്; അത് അദ്ദേഹത്തിന്റെ സംഭാവനയാണ്: രാഹുൽ സദാശിവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ 2024ലെ പൊൻതൂവലായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുമ്പോൾ അദ്ദേഹത്തിന്റെ മേക്കോവർ ഏറെ പ്രശംസ നേടിയിരുന്നു. കറ പിടിച്ച പല്ലുകളും നരച്ച മുടിയും കഴുത്തിലെ മലയുമൊക്കെയായി പോറ്റിയെ രാഹുൽ കൃത്യമായി വരച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ മേക്കപ്പിനെക്കുറിച്ചും അദ്ദേഹം നൽകിയ ചില കൂട്ടിച്ചേർക്കലിനെക്കുറിച്ചും സംസാരിക്കുകയാണ് രാഹുൽ സദാശിവൻ. മമ്മൂട്ടിയുടെ പല്ല് ക്ലീൻ ആയിട്ടുള്ളതാണെന്നും അത് സിനിമയ്ക്ക് വേണ്ടി വൃത്തികേട് ആകേണ്ടി വന്നിരുന്നെന്നും രാഹുൽ പറഞ്ഞു. കൊടുമൺ പോറ്റി മുറുക്കുന്ന ആളായതുകൊണ്ട് പല്ല് വെക്കാമെന്ന് മമ്മൂട്ടി സമ്മതിച്ചെന്നും രാഹുൽ കൂട്ടിച്ചേർത്തു. പോറ്റിയുടെ കഴുത്തിലുള്ള മാല മമ്മൂട്ടിയുടെ കൂട്ടിച്ചേർക്കലാണെന്നും രാഹുൽ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

‘മമ്മൂക്കയുടെ പല്ല് നല്ല ക്ലീൻ ആൻഡ് നീറ്റ് ആയിട്ടുള്ളതാണ്. അത് വൃത്തികേട് ആക്കണം എന്നൊരു കാര്യം ഉണ്ടായിരുന്നു. ഞാൻ അത് പറഞ്ഞപ്പോൾ മമ്മൂക്ക തന്നെ പല്ല് വെക്കാം എന്ന് പറഞ്ഞു. കാരണം ഈ കഥാപാത്രം എപ്പോഴും മുറുക്കുന്നതാണല്ലോ, അപ്പോൾ പല്ലാകെ കറപിടിച്ചിരിക്കും. അങ്ങനെ മമ്മൂക്ക ശരി എന്ന് പറഞ്ഞിട്ടാണ് അത് ചെയ്തത്.

പിന്നെ മേക്കപ്പ് ട്രയൽ ചെയ്ത് ഞാൻ മമ്മൂക്ക ആദ്യമായിട്ട് കാണുന്നത്. മേക്കപ്പ് ചെയ്തുകഴിഞ്ഞപ്പോഴാണ് മുഴുവൻ ക്യാരക്ടറിലേക്ക് എത്തിയത്. ആ മാലയൊക്കെ മമ്മൂക്കയുടെ ഇൻപുട്ട് ആയിരുന്നു. നഗ്നമായ ശരീരമല്ലേ, ഒരു മാലയും കൂടി ഉണ്ടെങ്കിൽ രസം ആയിരിക്കും എന്ന് മമ്മൂക്ക പറഞ്ഞതാണ്. അതൊക്കെ മമ്മൂക്കയുടെ കൂട്ടിച്ചേർക്കലുകളാണ്. അത് ക്യാരക്ടറിനെ കുറച്ചുകൂടെ എൻഹാൻസ് ചെയ്തു,’ രാഹുൽ സദാശിവൻ പറഞ്ഞു.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Rahul sadasivan about mammootty’s costume

We use cookies to give you the best possible experience. Learn more