ഈ വര്‍ഷം മലയാളത്തിൽ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമായിരുന്നു മമ്മൂട്ടിയുടേത്.
17ാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയില്‍. നാടോടി കഥകൾ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. താൻ നാടോടി കഥകൾ വായിച്ചിട്ടുണ്ടെന്നും മുത്തശ്ശി കഥകൾ കേട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ചിത്രത്തിലെ യക്ഷിയുടെ ക്യാരക്ടറൈസേഷൻ ഇങ്ങനെ ആയിരുന്നില്ലെന്നും ഒരുപാട് സ്കെച്ച് വരച്ചു നോക്കിയിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാടോടി കഥ ഒരുപാട് വായിച്ചിട്ടുണ്ട്. ഒരുപാട് മുത്തശ്ശി കഥകൾ കേട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു സമയത്ത് ഇങ്ങനെ ഒരു ഴോണറിലുള്ള ഒരു കഥ പറയണമെന്ന് തോന്നി. യക്ഷിയുടെ ക്യാരക്ടറൈസേഷൻ ഇങ്ങനെയൊന്നുമായിരുന്നില്ല. തുടക്കത്തിൽ വേറെ സ്കെച്ച് ഒക്കെ ആയിരുന്നു. സ്കെച്ച് വെച്ചിട്ട് കുറെ വരച്ചിരുന്നു.
എന്റെ കസിൻ ആയിട്ടുള്ള അഭിലാഷ് ഉണ്ട്. പുള്ളി കുറെ സ്കെച്ചസ് ഒക്കെ വരച്ചു. നമ്മൾ കുറെ ടെസ്റ്റ് ഷൂട്ട് നടത്തി നോക്കി. കോസ്റ്റ്യും വേറെയായിരുന്നു. പിന്നെ അത് മിനിമൽ ആക്കി. ഈ വള മാറ്റാം, കാലിലെ ഇത് മാറ്റാം അങ്ങനെ അതെല്ലാം ഒഴിവാക്കി. പിന്നെ മിനിമലാക്കി മാറ്റി. ടെസ്റ്റ് ഷൂട്ടും ട്രയലും ചെയ്തപ്പോഴാണ് മിനിമൽ ആക്കുന്നതാണ് നല്ലത് എന്ന് മനസ്സിലായത്,’ രാഹുൽ സദാശിവൻ പറഞ്ഞു.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നുമുള്ള മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന റെക്കോഡും ഭ്രമയുഗം സ്വന്തമാക്കി. റിലീസ് ചെയ്ത് 28ാം ദിവസത്തിലാണ് ചിത്രം ഒ.ടി.ടി.യിലെത്തിയത്.
Content Highlight: Rahul sadasivan about ghost’s characterization in bramayugam