സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. പരീക്ഷണ ചിത്രങ്ങള്‍ ചെയ്ത് കരിയറിന്റെ മികച്ച ഫേസില്‍ നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.
ഭൂതകാലം പോലെ ഹൊറര്‍ സിനിമ തന്നെയാണോ ഭ്രമയുഗവുമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബഹറൈനിലെ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയും രാഹുല്‍ നല്‍കി.
‘ഭ്രമയുഗം ഹൊറര്‍ ഴോണറിലുള്ള സിനിമ തന്നെയാണ്. പക്ഷേ ഭൂതകാലം പോലെ പേടിപ്പിക്കുന്ന ഒന്നല്ല. എങ്കിലും ഭ്രമയുഗവും പേടിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. വേറൊരു തരത്തിലുള്ള ഹൊററാണ് ഇതില്‍ പരീക്ഷിച്ചിട്ടുള്ളത്. പാരാനോര്‍മല്‍ എന്നതിനെക്കാള്‍ മിസ്റ്ററി, സസ്‌പെന്‍സ് എന്നീ കാര്യങ്ങള്‍ കൂടുതലുള്ള സിനിമയാണ്’ രാഹുല്‍ പറഞ്ഞു.
സിനിമയില്‍ കുഞ്ചമണ്‍ പോറ്റിയെന്ന കഥാപാത്രം കടമറ്റത്ത് കത്തനാരുടെ കഥയിലുള്ള കുഞ്ചമണ്‍ പോറ്റിയാണെന്നും, സിനിമയുടെ കഥക്ക് കത്തനാരുമായി ബന്ധമുണ്ടെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അതിനെപ്പറ്റിയും സംവിധായകന്‍ വിശദീകരിച്ചു. ‘ആ കുഞ്ചമണ്‍ പോറ്റിക്ക് ഈ കഥയുമായി ബന്ധമില്ല. ഇത് വേറൊരു കഥയാണ്. ഫിക്ഷണല്‍ സിനിമയാണിത്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പഴയകാലത്തെ എക്‌സ്പീരിയന്‍സ് കിട്ടാന്‍ വേണ്ടിയാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചൂസ് ചെയ്തതെന്നും, മമ്മൂക്കയോട് കഥ പറഞ്ഞപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെയും പീരിയഡ് സെറ്റിങ്ങിന്റെയും കാര്യം പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും, എസ്. ശശികാന്തുമാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്. ഷഹ്നാദ് ജലാല്‍ ഛായാഗ്രഹണവും, ക്രിസ്‌റ്റോ സേവിയര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rahul Sadashivan says that Bramayugam will be a different kind of horror experience