| Saturday, 19th November 2022, 10:00 am

സവര്‍ക്കര്‍ക്കെതിരെയുള്ള രാഹുലിന്റെ പ്രസ്താവന തുടര്‍ന്നാല്‍ ഉദ്ധവ് താക്കറെ നിര്‍ണായക തീരുമാനമെടുക്കും; സൂചനയുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭാരത് ജോഡോ യാത്രക്കിടെ വി.ഡി. സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം വിടുമെന്ന് സൂചന നല്‍കി ശിവസേന.

രൂക്ഷവിമര്‍ശനമുയര്‍ന്നിട്ടും രാഹുല്‍ പത്രസമ്മേളനം നടത്തി തന്റെ നിലപാട് ആവര്‍ത്തിച്ചത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സഖ്യം വിടാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവിനുമേല്‍ കടുത്ത സമ്മര്‍ദമുയരുന്നുണ്ടെന്നും വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശിവസേനയെ സംബന്ധിച്ചിടത്തോളം സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഗൗരവമേറിയതാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈയൊരുഘട്ടത്തില്‍ കോണ്‍ഗ്രസ് സവര്‍ക്കര്‍ വിഷയം ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വീര്‍ സവര്‍ക്കറെ ഞങ്ങള്‍ ആദരണീയനായ വ്യക്തിയായാണ് കണക്കാക്കുന്നത്. സവര്‍ക്കറിനെതിരെ രാഹുല്‍ ഗാന്ധി ഇത്തരം വിവാദ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അത് മഹാരാഷ്ട്രയിലെ എം.വി.എ സഖ്യം തകരാന്‍ കാരണമാകും,’ സഞ്ജയ് റാവത്ത് പറഞ്ഞു.

ഈ മട്ടില്‍ സഖ്യം തുടരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന നിലപാടാണ് നേതൃത്വത്തിനുമുള്ളത്. നിര്‍ണായക തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വൈകാതെ കൈക്കൊള്ളുമെന്ന് പാര്‍ട്ടി എം.പി അരവിന്ദ് സാവന്തും പറഞ്ഞു.

രാഹുലിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും സവര്‍ക്കറോട് തങ്ങള്‍ക്ക് എന്നും വലിയ ബഹുമാനമാണുള്ളതെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കണക്കിലെടുത്ത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പിന്തുണക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. എന്നാല്‍ ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയില്‍ പങ്കെടുക്കില്ലെന്നും ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു.

സവര്‍ക്കര്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയും അപലപിച്ച് രംഗത്തെത്തിയിരുന്നു. ‘ഐക്യയാത്ര’ നടത്തുന്ന രാഹുലിന് ഇന്ത്യയെ ഭിന്നിപ്പിക്കാനേ അറിയുകയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, രാഹുല്‍ ഗാന്ധി സവര്‍ക്കറെ ലക്ഷ്യമിട്ടിട്ടില്ലെന്നും ചരിത്രയാഥാര്‍ഥ്യം തുറന്നുകാട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് രാഹുലിന്റെ നിലപാടിനോട് യോജിക്കാനായെന്നുവരില്ല. പക്ഷേ, അത് മഹാരാഷ്ട്രയിലെ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, സവര്‍ക്കര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി ശിവസേന രംഗത്തെത്തിയിരുന്നു.

എന്നാല്‍, സവര്‍ക്കര്‍ക്കെതിരെയുള്ള തന്റെ വിമര്‍ശനം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തുകയായിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും വല്ലഭായ് പട്ടേലും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ മാപ്പപേക്ഷിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ‘സര്‍, അങ്ങയുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു’ എന്നെഴുതി സവര്‍ക്കര്‍ ഒപ്പിട്ടു നല്‍കി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

2019ലാണ് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുന്നത്. പിന്നീട് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സഖ്യം വിട്ടതോടെ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അധികാരം നഷ്ടമാവുകയായിരുന്നു.

Content Highlight: Rahul’s stand on Savarkar may end MVA: Shiv Sena

We use cookies to give you the best possible experience. Learn more