ന്യൂദല്‍ഹി: വയനാട്ടുകാര്‍ക്ക് നന്ദിയറിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. വയനാട്ടുകാര്‍ക്ക് വേണ്ടി താന്‍ എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് രാഹുല്‍ കത്തില്‍ പറയുന്നത്. സഹോദരിയായ പ്രിയങ്ക ഗാന്ധി വയനാട്ടുകാര്‍ക്കൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നല്‍കിയ സ്‌നേഹത്തിനും സംരക്ഷണത്തിനും നന്ദി. നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗം. എന്റെ സഹോദരി നിങ്ങളോടൊപ്പമുണ്ട്,’ എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം അയോഗ്യമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുലിന്റെ കത്ത്.
അഞ്ച് വര്‍ഷം മുമ്പ് വയനാട്ടില്‍ വരുമ്പോള്‍ താന്‍ വയനാട്ടുകാര്‍ക്ക് അപരിചിതനായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. എന്നിട്ടും വയനാട്ടിലെ വോട്ടര്‍മാര്‍ തന്നെ സ്വീകരിച്ചുവെന്നും വിശ്വസിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. വയനാട്ടിലെ വോട്ടര്‍മാരുടെ ഭാഷയും മതവും സമുദായവും രാഷ്ട്രീയ പ്രത്യയശാസ്ത്രവും തന്നെ പിന്തുണക്കുന്നതിന് തടസമായിരുന്നില്ലെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു.
ഒരു നിമിഷവും അധിക്ഷേപങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ വയനാട്ടുകാരുടെ നിരുപാധികമായ സ്‌നേഹം രാഹുലിനെ സംരക്ഷിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ വെച്ച് ചെറിയ പെണ്‍കുട്ടികള്‍ തന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ധൈര്യവും സൗന്ദര്യവും ആത്മവിശ്വാസവും തനിക്ക് മറക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. തിങ്കളാഴ്ച പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ ഈ നിര്‍ണായക തീരുമാനം പ്രസക്തമാകുന്നത്.
Content Highlight: Rahul’s letter thanking Wayanad