ജമ്മു കശ്മീർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേർന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. കേന്ദ്രഭരണ പ്രദേശമായ ജമ്മുവിലെ രമ്പൻ ജില്ലയിലെ ബെനിഹൽ പ്രവിശ്യയിൽ വെച്ചാണ് ഒമർ അബ്ദുല്ല ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നത്.
കടുത്ത ശൈത്യം നേരിടുന്ന ബെനിഹൽ-നോവ്യോഗ് ടണലിൽ കൊടും ശൈത്യത്തിലും പ്രവർത്തകർ രാഹുലിനെ സ്വീകരിക്കാൻ കാത്ത് നിന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ അനന്തനാഗിൽ എത്തിച്ചേർന്ന യാത്ര ഇന്നാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്.
നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുല്ല മോദി സർക്കാരിന് കീഴിൽ കശ്മീർ ജനത അനുഭവിക്കുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പങ്കാളിയായത്.
രാഹുൽ ഗാന്ധിക്ക് സമാനമായി വെളുത്ത നിറത്തിലുള്ള ടി-ഷർട്ട് അണിഞ്ഞാണ് ഒമർ അബ്ദുള്ള ജോഡോ യാത്രയിൽ അണിചേർന്നത്.
രാജ്യത്ത് ദിനംപ്രതി വർധിക്കുന്ന വർഗീയ കലാപങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമ പരമ്പരകളിലും മനം മടുത്താണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത് എന്ന് അഭിപ്രായപ്പെട്ട ഒമർ അബ്ദുല്ല, ഈ യാത്രക്കൊണ്ട് സ്വന്തം ഇമേജ് വർധിപ്പിക്കാനല്ല രാജ്യം നേരിടുന്ന കഠിനമായ അവസ്ഥക്ക് മാറ്റം വരുത്താനാണ് രാഹുൽ ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
ന്യൂസ് ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഒമർ അബ്ദുല്ലയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
“ഞങ്ങൾ ഏതെങ്കിലും വ്യക്തിയുടെ ഇമേജ് മാറ്റാനല്ല ഈ യാത്രയിൽ പങ്ക്ചേർന്നത്. മറിച്ച് രാജ്യത്തിന്റെ മുഖച്ഛായ മാറ്റാനാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭരിക്കുന്ന പാർട്ടിക്ക് ലോകസഭയിലോ രാജ്യ സഭയിലോ ഒരു മുസ്‌ലിം എം.പി പോലുമില്ല. ഇത് കേന്ദ്ര സർക്കാരിന്റെ മുസ്‌ലിങ്ങളോടുള്ള മനോഭാവമാണ് കാണിക്കുന്നത്,’ ഒമർ അബ്ദുല്ല പറഞ്ഞു.
“ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനും കോടതിയിൽ പൊരുതാമെന്ന് രാഹുൽ ഉറപ്പ് തന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത് കശ്മീരി ജനത ഇലക്ഷനായി യാചിക്കണമെന്നാണ്. പക്ഷെ യാചിക്കാൻ ഞങ്ങൾ യാചകരല്ലെന്ന് കേന്ദ്രം അറിയണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ജോഡോ യാത്ര ഇത് വരെ 3600 കിലോമീറ്റർ താണ്ടിയാണ് ശ്രീനഗറിൽ എത്തിച്ചേർന്നത്. ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ 24 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ കോൺഗ്രസ് പ്രസിഡന്റ് മല്ലിഖാർജുനെ ഖർഗെ അറിയിച്ചു.
Content Highlights:Rahul’s journey is not to change his image; to change the face of the country; Omar Abdullah joined the Jodo Yatra