അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ
D' Election 2019
അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം; രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2019, 4:55 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അമേഠിയില്‍ തോല്‍ക്കുമെന്ന ഭയമുള്ളത് കൊണ്ടാണ് രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ധാംപുരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത് ഇടതുപക്ഷത്തിന് എതിരായ മത്സരമായിരിക്കുമെന്നായിരുന്നു മുഖ്യന്ത്രി പിണറായി വിജയന്റെ പ്രതികരണം. പോരാട്ടം ബി.ജെ.പിക്കെതിരെങ്കില്‍ മത്സരിക്കേണ്ടത് ബി.ജെ.പിക്കെതിരായിട്ടാണെന്നും വയനാട്ടില്‍ രാഹുലിനെ പരാജയപ്പെടുത്താനാവും ഞങ്ങള്‍ ശ്രമിക്കുകയെന്നും പിണറായി പ്രതികരിച്ചു.

Read Also : ഇനി നടക്കാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇന്ത്യ ഒരാളുടേതോ ഒരു പാര്‍ട്ടിയുടേതോ മാത്രമല്ലെന്നും രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി വരുന്നതില്‍ ഒരു ആശങ്കയുമില്ല. രാഹുലിനെ നേരിടാനുള്ള സംഘടനാ ശേഷി ഇടതുപക്ഷത്തിനുണ്ട്. 20 സീറ്റുകളില്‍ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുലിന്റെ വരവ് കേന്ദ്രത്തില്‍ ഒരു മതേതര ബദല്‍ സൃഷ്ടിക്കുന്നതിന് തടസാമാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും പിണറായി പറഞ്ഞു. ചില മണ്ഡലങ്ങളില്‍ കോ ലീ ബീ സഖ്യത്തിനുള്ള നീക്കം നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു

നേരത്തെ അമേഠിയില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്ന ആരെയും പിന്തുണയ്ക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കും അനിശ്ചിതത്വത്തിനൊടുവിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചത്. ഇടതു പക്ഷത്തിനെതിരായ മല്‍സരത്തിനോട് വിയോജിച്ച് സഖ്യകക്ഷികള്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബി.ജെ.പിയുടെ ധ്രുവീകരണത്തിനെതിരെയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വിശദീകരണം നല്‍കിയ രാഹുല്‍ വയനാട്ടിലേയ്ക്ക് വരാനുള്ള സൂചന കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു. കര്‍ണാടകയുമായും തമിഴ്‌നാടുമായും അതിര്‍ത്തി പങ്കിടുന്ന വയനാട് ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ ഉചിതമായി മണ്ഡലമാണ് വയനാടെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.