'ഇത് ഏതൊരു ഇന്ത്യാക്കാരനും അപമാനം'; കൊവിഡ് പ്രതിരോധത്തിനിടെ റാപിഡ് ടെസ്റ്റ് കിറ്റുകളില്‍ കൊള്ള ലാഭമുണ്ടാക്കുന്ന നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
national news
'ഇത് ഏതൊരു ഇന്ത്യാക്കാരനും അപമാനം'; കൊവിഡ് പ്രതിരോധത്തിനിടെ റാപിഡ് ടെസ്റ്റ് കിറ്റുകളില്‍ കൊള്ള ലാഭമുണ്ടാക്കുന്ന നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th April 2020, 4:30 pm

ന്യൂദല്‍ഹി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകളുടെ വില്‍പനയിലൂടെ ലാഭമുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനെതിരെ പ്രതികരിക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

‘രാജ്യം മുഴുവന്‍ കൊവിഡ്-19നെതിരെ പോരാടുമ്പോള്‍ ചിലര്‍ ഒരു മനസാക്ഷിയില്ലാതെ അതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം അഴിമതി നിറഞ്ഞ മനസുകള്‍ എന്നെ നാണം കെടുത്തുന്നു. രാജ്യം അവരോട് ഒരിക്കലും പൊറുക്കില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് ഏതൊരു ഇന്ത്യക്കാരനും അപമാനമാണെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

‘ലക്ഷക്കണക്കിന് വരുന്ന സഹോദരീ സഹോദരന്മാര്‍ ഇവിടെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അപ്പുറത്ത് നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വിശ്വാസത്തിനും അതീതമാണ്. ഈ അഴിമതി ഏതൊരു ഇന്ത്യക്കാരനും അപമാനമാണ്. അഴിമതി കാണിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.

റാപിഡ് ടെസ്റ്റ് കിറ്റുകള്‍ അധിക വിലയ്ക്ക് വാങ്ങാന്‍ അനുവദിക്കില്ലെന്ന ദല്‍ഹി ഹൈക്കോടതി ഉത്തരവിലാണ് ഐ.സി.എം.ആര്‍ ഇരട്ടി തുക മുടക്കി സ്വകാര്യ കമ്പനിയില്‍ നിന്നും കിറ്റുകള്‍ വാങ്ങുന്ന കാര്യം പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഐ.സി.എം.ആര്‍ വാങ്ങുന്നത് റിയല്‍ മെറ്റാബൊളിക് എന്ന കമ്പനിയില്‍ നിന്നാണ്.

245 രൂപയ്ക്ക് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റാപിഡ് ആന്റി ബോഡി കിറ്റുകള്‍ 600 രൂപയ്ക്ക് വാങ്ങാനാണ് ഐ.സി.എം.ആര്‍ കരാര്‍ നല്‍കിയത്. 5 ലക്ഷം കിറ്റുകള്‍ക്ക് 600 രൂപവെച്ച് 30 കോടി രൂപ വില നിശ്ചയിച്ചു.

അതായത് ചൈനയില്‍ നിന്നും വിമാന ചാര്‍ജ് ഉള്‍പ്പെടെ 12 കോടി 25 ലക്ഷം രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകള്‍ ഐ.സി.എം.ആറിന് കൈമാറുമ്പോള്‍ ഇന്ത്യയിലെ സ്വാകാര്യ മെഡിക്കല്‍ കമ്പനിയായ റിയല്‍ മെറ്റാബൊളിക്കിന് 17 കോടി രൂപയിലധികമാണ്‌ ലാഭമുണ്ടാവുക.

ഇത് കണ്ടെത്തിയതോടെ 245 രൂപയുടെ കിറ്റുകള്‍ 600 രൂപയ്ക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കിറ്റുകള്‍ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ച വില മൂന്നിലൊന്നായി കുറയ്ക്കുകയും ഹൈക്കോടതി ചെയ്തു.

കോടതിയുടെ ഇടപെടല്‍ പ്രകാരം വില 600 രൂപയില്‍ നിന്ന് 400 രൂപയാക്കി സ്വകാര്യ കമ്പനി കുറച്ചു.

2.76 ലക്ഷം കിറ്റുകളാണ് ഐ.സി.എം.ആറിന് കമ്പനി നല്‍കിയിട്ടുള്ളത്. ഇനി 2.24 ലക്ഷം കിറ്റുകളും കൂടി ലഭിക്കാനുണ്ട്. ചൈനയില്‍ നിന്നുള്ള റാപിഡ് കിറ്റുകളുടെ പേരില്‍ നേരത്തെ തന്നെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.