| Monday, 21st October 2024, 2:38 pm

ലാലേട്ടന്റെ ആ സൂപ്പര്‍ഹിറ്റ് പാട്ട് സ്‌കൂള്‍ റൈമില്‍ നിന്ന് ഉണ്ടാക്കിയത്: രാഹുല്‍ രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് രാഹുല്‍ രാജ്. ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട രാഹുല്‍ രാജ് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. 2009ല്‍ റിലീസായ ഋതു എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡും രാഹുല്‍ രാജ് സ്വന്തമാക്കി.

ആദ്യ ചിത്രമായ ഛോട്ടാ മുംബൈയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ടാകുന്ന പാട്ടാണ് വാസ്‌കോ ഡ ഗാമ. പാട്ടിന്റെ ട്യൂണാണ് ആദ്യം ഉണ്ടായതെന്നും പണ്ട് സ്‌കൂളില്‍ പാടി നടന്നിരുന്ന വാസ്‌കോ ഡ ഗാമ വെന്റ് ടു ദി ഡ്രാമ എന്ന റൈമിനെ അടിസ്ഥാനമാക്കിയാണ് ആ പാട്ട് കംപോസ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

ആ സമയത്ത് എന്താണോ ആളുകള്‍ക്ക് വര്‍ക്ക് ആകുക അത് നോക്കിയാണ് വാസ്‌കോ ഡ ഗാമ എന്ന പാട്ടുണ്ടാക്കിയതെന്നും ഇപ്പോഴും ആളുകള്‍ പാട്ടിനെ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും രാഹുല്‍ രാജ് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാസ്‌കോ ഡ ഗാമ എന്ന പാട്ടില്‍ ട്യൂണ്‍ ആണ് ആദ്യമുണ്ടാകുന്നത്. വാസ്‌കോ ഡ ഗാമ എന്നത് പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് മാച്ചുകള്‍ക്കും, ഫുട്ബാള്‍ ടൂര്‍ണമെന്റും എല്ലാം നടക്കുമ്പോള്‍ പിള്ളേര് പാടുന്ന പണ്ടത്തെ റൈം ഉണ്ടായിരുന്നു. വാസ്‌കോ ഡാ ഗാമ…വെന്റ് ടു ദി ഡ്രാമ..വിത്ത് എ മദാമ്മ…ഈറ്റിങ് എ ബനാന…വേറിങ് എ പൈജാമ എന്നൊക്കെ പറഞ്ഞിട്ടൊരു സാധനം ഉണ്ടായിരുന്നു.

ആ ഒരു തോട്ടാണ് ഞാന്‍ പാട്ടിന് വേണ്ടി എടുത്തത്. കമ്പോസ് ചെയ്യുമ്പോള്‍ തന്നെ ഇത് വെച്ച് ചെയ്യാമെന്ന് ആലോചിച്ചിരുന്നു. അന്ന് ആ സമയത്ത് എന്താണോ ആളുകള്‍ക്ക് കൂടുതല്‍ വര്‍ക്കാകുയെന്ന് നോക്കിയാണ് അത് സെലക്ട് ചെയ്തത്. ആളുകള്‍ ഇപ്പോഴും അത് സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ആ റൈം എവിടെ നിന്നാണ് വന്നതെന്ന് കറക്റ്റായി അറിയില്ല,’ രാഹുല്‍ രാജ് പറയുന്നു.

Content Highlight: Rahul Raj Talks About Vasco Da Gama Song In Chotta Mumbai Movie

We use cookies to give you the best possible experience. Learn more