| Tuesday, 21st May 2019, 9:29 am

രാഹുലും പ്രിയങ്കയും കഠിനമായി പ്രവര്‍ത്തിച്ചു; ഇത്തവണ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് മികച്ച പ്രതിപക്ഷമായിരിക്കും: ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വളരെ കഠിനമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ പാര്‍ട്ടി ഒരു നല്ല പ്രതിപക്ഷമായിരിക്കുമെന്നും പരിഹസിച്ച് ശിവസേന.

‘എക്‌സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.എന്നാല്‍ ജനങ്ങളുടെ ആവേശം കാണുമ്പോള്‍ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. 2019 ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റേയും ആവശ്യമില്ല. ‘ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ കുറിച്ചു.

‘രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ശക്തമായി തന്നെ പ്രവൃത്തിച്ചു എന്നത് വാസ്തവമാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും. 2014 ലും ലോക്‌സഭയില്‍ പ്രതിപക്ഷമാവാന്‍ പാര്‍ട്ടിക്ക് വേണ്ടത്ര എം.പിമാര്‍ ഉണ്ടായിരുന്നില്ല. ഈ തവണ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും. ഇത് രാഹുലിന്റെ വിജയമായി വരും.’ എന്നും കുറിപ്പില്‍ പറയുന്നു.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രവചനം.
എന്നാല്‍ എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ലയെന്നും 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞിരുന്നു.

എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്‌സിറ്റ് പോള്‍ ഫലമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more