ലഖ്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്.
തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.
എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
രാജ്യത്തെ ഓരോ സ്ത്രീകളും യു.പിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അസ്വസ്ഥരാണെന്നും പ്രിയങ്ക പറഞ്ഞു. എനിക്കും 18 വയസായ ഒരു മകളുണ്ട്. യു.പി സര്‍ക്കാര്‍ ഹാത്രാസിലെ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ല. ഞാന്‍ ഏറെ അസ്വസ്ഥയാണ്. എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ ഓരോ സ്ത്രീകളും അസ്വസ്ഥരാണ്, പ്രിയങ്ക പറഞ്ഞു.
രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹാത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരിക്കുന്നത്.
പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്നും മാധ്യമങ്ങളെ അനുവദിക്കില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.
നേരത്തെ ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി എത്തിയ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ നാഷണല്‍ ഹൈവെ 93 ല്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു.
ഹാത്രാസ് ബലാത്സംഗത്തില്‍ യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ പറഞ്ഞു.
യു.പിയില്‍ നടക്കുന്ന ജംഗിള്‍രാജില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ശിക്ഷ തുടരുകയാണ്. ജീവിക്കാനുള്ള അവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. മരിച്ചുകഴിഞ്ഞശേഷം മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക