D' Election 2019
രണ്ട്-മൂന്ന് അഴിമതികള്‍ കൂടി പുറത്തുവരാനുണ്ട്; ചൗക്കിദാര്‍ ചോര്‍ ഹേ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായി തുടരും; ബി.ജെ.പിക്കും മോദിക്കുമെതിരേ രാഹുല്‍
ന്യൂദല്‍ഹി: രണ്ട്-മൂന്ന് അഴിമതികള്‍ കൂടി പുറത്തുവരാനുണ്ടെന്നും അധികം വൈകാതെ നിങ്ങളത് അറിയുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും നമുക്കു സംവാദത്തിലേര്‍പ്പെടാമെന്നും എന്നാല്‍ അനില്‍ അംബാനിയുടെ വീട്ടില്‍വെച്ചു വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു. ബി.ജെ.പിയെയും മോദിയെയും കടന്നാക്രമിച്ച് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പണ്ട് പാകിസ്താനിലേക്കു തിരിച്ചയക്കാനുള്ള ബി.ജെ.പി നടപടിയെ രാഹുല്‍ ചോദ്യം ചെയ്തു. ‘മസൂദ് അസ്ഹറിനെതിരേ ഏറ്റവും കര്‍ശനമായ നടപടിയായിരുന്നു എടുക്കേണ്ടിയിരുന്നത്. പക്ഷേ അയാളെ പാകിസ്താനിലേക്കു തിരിച്ചയച്ചത് ആരാണ്? ആരാണു ഭീകരവാദത്തിനു കീഴ്‌പ്പെട്ടതും അയാളെ മോചിപ്പിച്ചതും? അത് കോണ്‍ഗ്രസ്സല്ല, ബി.ജെ.പി സര്‍ക്കാരാണ്.’- അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനാണു താന്‍ ക്ഷമ ചോദിച്ചതെന്നും ബി.ജെ.പി സര്‍ക്കാരിനോടോ മോദിയോടോ അല്ലെന്നും വ്യക്തമാക്കിയ രാഹുല്‍, ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നതു ഞങ്ങളുടെ മുദ്രാവാക്യമായി തുടരുമെന്ന് അറിയിച്ചു.
പ്രധാനമന്ത്രിയോട് അല്പം വാര്‍ത്താസമ്മേളനം നടത്താന്‍ പറയണമെന്നും പ്രധാനമന്ത്രിക്കു വാര്‍ത്താസമ്മേളനം നടത്താനുള്ള ധൈര്യമില്ലെന്ന് ലോകം അറിയുന്നതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ‘അഞ്ചുവര്‍ഷത്തിനു മുന്‍പ് പറഞ്ഞിരുന്നത് മോദി 10-15 വര്‍ഷം ഭരിക്കുമെന്നാണ്. അദ്ദേഹം അജയ്യനാണെന്നാണ്. എന്നാല്‍ 10-20 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പൊള്ളയായ സംവിധാനം നിലംപതിക്കും.’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവൃത്തി പക്ഷപാതപരമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തന്റെ പഴയ ബിസിനസ് പങ്കാളിക്ക് യു.പി.എ ഭരണകാലത്ത് പ്രതിരോധ ഓഫ്‌സെറ്റ് കരാര്‍ ലഭിച്ചെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ആരോപണത്തിനും രാഹുല്‍ മറുപടി പറഞ്ഞു. നിങ്ങള്‍ക്കാവശ്യമുള്ള ഏതുതരം അന്വേഷണവും നടത്തിക്കോളൂ. ഞാന്‍ തയ്യാറാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ദയവുചെയ്ത് അന്വേഷിക്കൂവെന്നും രാഹുല്‍ പറഞ്ഞു.
ആരാണ് അടുത്ത പ്രധാനമന്ത്രിയെന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അതു തന്റെ ജോലിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പാര്‍ട്ടിയുടെ ഇഷ്ടപ്രകാരം തയ്യാറാക്കിയതല്ല, അതു ജനങ്ങളുടെ ശബ്ദമാണ്. ജനങ്ങളോടു സംസാരിച്ചതിനുശേഷമാണ് അതു തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ നിന്ന് പുറത്തുപോകും. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.’- അദ്ദേഹം പറഞ്ഞു.
സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യയുടെ സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യ സ്വത്താണെന്നാണ് നരേന്ദ്രമോദി ധരിച്ചുവെച്ചിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
വീഡിയോ ഗെയിമിലൂടെയാണ് യു.പി.എ കാലത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതെന്ന പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിനെയല്ല ഇന്ത്യന്‍ സൈന്യത്തെയാണ് മോദി അവഹേളിച്ചിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതിനു പുറമേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി തകര്‍ത്തതും രാജ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. നോട്ട് നിരോധനം, ഗബ്ബാര്‍ സിങ് ടാക്സ് എന്നിവ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്. മോദിജി നിങ്ങള്‍ വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരം എവിടെ? എന്ന് രാജ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിനെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ ഒരു വാക്കുപോലും അദ്ദേഹം പറയുന്നില്ല.- രാഹുല്‍ ചൂണ്ടിക്കാട്ടി.
‘മോദിജി യുവാക്കള്‍ക്കുവേണ്ടി എന്തു ചെയ്തു, കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടി എന്തു ചെയ്തു?’ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലും അറിഞ്ഞില്ലെന്ന് മോദി സിക്കറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു.
‘ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്ന് പറഞ്ഞ് ആറ് തിയ്യതികള്‍ പുറത്തുവിട്ടു. എന്ത് തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്താന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്ട്രൈക്ക് എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ? 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും(me tooo, me too) എന്ന്’. എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയാണ് യു.പി.എ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ തിയ്യതി പുറത്തു വിട്ടിരുന്നത്. ദേശസുരക്ഷയുടെ ക്രെഡിറ്റ് ബി.ജെ.പിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ സര്‍ക്കാരുകളും ചെയ്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.