ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് ഒരു റോളുമില്ലെന്ന് രാഹുല്‍
India
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് ഒരു റോളുമില്ലെന്ന് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2014, 12:34 pm

[] ന്യൂദല്‍ഹി: ജനുവരി 17 ന് കോണ്‍ഗ്രസ് കമ്മിറ്റി യോഗം നടക്കാനിരിക്കെ ചുമതല ഏല്‍പിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി തനിക്ക് മുന്‍പും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പിച്ചാലും അത് ഏറ്റെടുക്കുമെന്നും രാഹുല്‍.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിന് ഗുണകരമാണ്. സ്ഥാനങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളെക്കാള്‍ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചാവണം ചര്‍ച്ചകളെന്നും  ദൈനിക് ഭാസ്‌കറിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയുടെ മാത്രം ആശയങ്ങള്‍ കൊണ്ട് രാജ്യത്തിന് മുന്നോട്ട് പോകാനില്ലെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.

ആം ആദ്മിയില്‍ നിന്ന് പലതും പഠിക്കാനുണ്ടെങ്കിലും അവരുടെ ഹ്രസ്വകാല നയങ്ങളോട് യോജിപ്പില്ല. കോണ്‍ഗ്രസിന്റെത് ദീര്‍ഘവീക്ഷത്തോടെയുള്ള നയങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ദൗത്യം സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിയങ്കയ്‌ക്കൊരു റോളുമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. എന്നാല്‍ പ്രിയങ്ക പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകയായി തുടരും.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുമായി രാഹുല്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ്.

അതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ കേരളയാത്ര കഴിഞ്ഞ് മടങ്ങും വഴി സ്ത്രീകളെയും യുവാക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു.