ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.
രാഹുലിന്റെ കൈയിലുള്ള തെളിവ് ഭൂകമ്പമുണ്ടാക്കുന്നത് തന്നെയാണ്. അധികം വൈകാതെ തന്നെ അദ്ദേഹം അത് ജനങ്ങളുടെ മുന്നില്‍ പറയുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
രാഹുല്‍ഗാന്ധി മോദിക്കെതിരായ തെളിവ് പാര്‍ലമെന്റില്‍ വെയ്ക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ ബി.ജെ.പി അതിന് അനുവദിച്ചില്ല. നോട്ട് നിരോധന വിഷയത്തില്‍ രാഹുല്‍ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല.
മോദിക്കെതിരായ തെളിവ് രഹസ്യമാണ്. അത് ഭൂകമ്പമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റില്‍ ആ തെളിവ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഹുല്‍ അത് പൊതുജനത്തിന് മുന്നില്‍ വെക്കും.
സര്‍ക്കാര്‍ മനപൂര്‍വം പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. നോട്ട് നിരോധനം നടപ്പാക്കുന്നതിന് മുന്‍പ് മോദി പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടിയിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ല. വോട്ടിങ് ലഭിക്കില്ലെന്ന് മോദിക്ക് അറിയാമായിരുന്നെന്നും ശശി തരൂര്‍ പറയുന്നു.
മോദി അഴിമതി നടത്തിയതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധി വ്യക്തമാക്കിയത്.
ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും മോദി ഒളിച്ചോടുന്നതെന്നും താന്‍ സഭയില്‍ സംസാരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഒരുപോലെ ഭയക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവര്‍ തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
തന്റെ കൈവശമുള്ളവിവരങ്ങള്‍ ലോക്സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണ്. അതിന് തനിക്ക് അവസരം വേണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം രാഹുല്‍ഗാന്ധിയുടെ ഈ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നെങ്കിലും ഇതിന് ശേഷവും അദ്ദേഹത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.