ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മോദിയെ കണക്കറ്റു പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “പരമോന്നത നേതാവിനെതിരെ രൂപ അവിശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഡോളറിനെതിരെ 70.08 എന്ന എക്കാലത്തേയും കുറഞ്ഞ വിനിമയനിരക്കിലേക്ക് ഇടിഞ്ഞിരിക്കുകയാണ് രൂപയുടെ മൂല്യം.
“ഇന്ത്യന്‍ രൂപ നമ്മുടെ പരമോന്നത നേതാവിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ ഒരു വോട്ടു രേഖപ്പെടുത്തിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപയുള്ളത്.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. “പരമോന്നത നേതാവ് രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ചു നല്‍കുന്ന മാസ്റ്റര്‍ ക്ലാസ്സിന്റെ വീഡിയോ” എന്ന വിശേഷണത്തോടെ മോദിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
യു.പി.എ സര്‍ക്കാരിന്റെ സമയത്തുണ്ടായ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങള്‍ നിരത്തിക്കൊണ്ട് മോദി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യയ്ക്കാവില്ലെന്നും വലിയ സാമ്പത്തികത്തകര്‍ച്ചകളുണ്ടാകുമെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പ്രസംഗത്തില്‍ പറയുന്നുണ്ട്.
ദല്‍ഹിയിലെ സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുകയാണെന്നും രൂപയുടെ മൂല്യം ഇടിയുന്നതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും മോദി പ്രസംഗത്തിനിടെ പ്രസ്താവിക്കുന്നു. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളല്ല, മറിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന അഴിമതി നിറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനമാണ് ഇതിനു കാരണമെന്നും മോദി അന്നു പറഞ്ഞിരുന്നു.
ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് രൂപയുടെ ഇപ്പോഴത്തെ റെക്കോര്‍ഡ് തകര്‍ച്ചയില്‍ മോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. തങ്ങളാല്‍ 70 വര്‍ഷത്തിനിടെ സാധിക്കാത്തത് മോദിക്ക് സാധിച്ചുവെന്നും പരിഹാസസൂചകമായി കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. “70 വര്‍ഷത്തെ ദുര്‍ഭരണം” എന്ന് കോണ്‍ഗ്രസ് ഭരണത്തെ വിശേഷിപ്പിച്ചതിനു മറുപടിയെന്നോണമാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന.
എന്നാല്‍, ഡോളറിനെതിരെ എല്ലാ കറന്‍സികളുടെയും വിലയിടിഞ്ഞിട്ടുണ്ടെന്നും അത് രൂപയുടെ മാത്രം പ്രശ്‌നമായി കാണേണ്ടതില്ലന്നുമാണ് എസ്.ബി.ഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിന്റെ പക്ഷം.