| Sunday, 21st April 2019, 1:10 pm

അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വേറെ രാജ്യത്ത് പോയി മത്സരിക്കേണ്ടി വരും; വയനാട്ടിലും രാഹുല്‍ പരാജയപ്പെടുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മത്സരിക്കുന്ന രണ്ടു സീറ്റുകളിലും പരാജയപ്പെടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ അയല്‍ രാജ്യങ്ങളില്‍ സീറ്റ് അന്വേഷിക്കേണ്ടി വരുമെന്നും പിയൂഷ് പരിഹസിച്ചു.

‘അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തും. വയനാട്ടിലും രാഹുല്‍ പരാജയപ്പെടും. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം അയല്‍ രാജ്യങ്ങളില്‍ സീറ്റ് അന്വേഷിക്കേണ്ടി വരും’- ഗോയല്‍ പറഞ്ഞു.

ഇടതു പക്ഷത്തിനെതിരെയാണ് പ്രധാന മത്സരം എന്നിരിക്കെ, താന്‍ ഇടതു പക്ഷത്തെക്കുറിച്ച് ഒന്നും സംസാരിക്കില്ലെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധിക്ക് ധൈര്യമില്ലാത്തത് കൊണ്ടാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി.

‘സീതാറാം യെച്ചൂരിയോടൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ നിരവധി ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അമേഠിയില്‍ സ്മൃതി ഇറാനി പരാജയപ്പെടുത്തുമെന്ന് കണ്ടപ്പോള്‍ അദ്ദേഹം വയനാട്ടിലേക്ക് ഒളിച്ചോടി. വയനാട്ടില്‍ ഇടതിനെതിരെയാണ് രാഹുല്‍ മത്സരിക്കുന്നത്. എന്നാല്‍ ഇടതിനെ വിമര്‍ശിക്കില്ലെന്ന് രാഹുല്‍ പറയുന്നു. അദ്ദേഹത്തിന് ഭയമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍, എതിരാളികള്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യമില്ലാത്തയാള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ കഴിയില്ല’- ഗോയല്‍ പറയുന്നു.

വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ഇടതു പക്ഷത്തെ വിമര്‍ശിച്ചു കൊണ്ട് താന്‍ ഒന്നും സംസാരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. താന്‍ ഇവിടെ മത്സരിക്കുന്നത് ഐക്യത്തിന്റെ സന്ദേശം നല്‍കാനാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. സി.പി.ഐ സ്ഥാനാര്‍ഥി പി.പി സുനീറാണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്.

We use cookies to give you the best possible experience. Learn more