ന്യൂദല്‍ഹി: വയനാട്ടിലെ രാത്രി യാത്രാ നിരോധന വിഷയത്തില്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി. പ്രശ്‌നം പഠിക്കുന്നതിനായി ലോക്‌സഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം ഓഗസ്റ്റില്‍ മണ്ഡലത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
പ്രശ്‌നം പരിഹരിക്കുന്നതിനായി കര്‍ണാടകയിലെയും കേരളത്തിലെയും രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നും നിലവില്‍ നിര്‍ദേശിച്ചിട്ടുള്ള ബദല്‍മാര്‍ഗങ്ങളുടെ പ്രായോഗികവശങ്ങള്‍ പരിശോധിച്ച് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ കര്‍ഷക ആത്മഹത്യകളും സര്‍ഫാസി അടക്കമുള്ള നിയമക്കുരുക്കുകളും പ്രതിനിധികള്‍ അദ്ദേഹത്തെ അറിയിച്ചു.
വയനാട് എം.പിയായതിനുശേഷം രാഹുല്‍ ഗാന്ധി മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വിളിക്കുന്ന ആദ്യയോഗമാണ് നടന്നത്. കെ.സി.വേണുഗോപാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍, മൂന്ന് ഡി.സി.സി അധ്യക്ഷന്‍മാര്‍, മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.