| Thursday, 24th June 2021, 2:02 pm

രാഹുലിനെ പോലൊരു ഡോക്ടര്‍ രാജിവെക്കുന്നത് സമൂഹത്തിനാണ് നഷ്ടം; രാഹുല്‍ മാത്യുവിന്റെ രാജിയില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാവേലിക്കര: കൊവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ രാജിവെച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായിരുന്ന രാഹുല്‍ മാത്യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡോ. രാഹുല്‍ മാത്യു രാജിവയ്ക്കുമെന്ന വാര്‍ത്ത  നിരാശാജനകമാണെന്ന് ഡോക്ടര്‍ ജിനേഷ് പി.എസ്. ഫേസ്ബുക്കിലെഴുതി.

‘സമൂഹത്തോട് ഒന്നേ പറയാനുള്ളൂ… ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച്, ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന രാഹുലിനെ പോലുള്ളവരെ നിങ്ങള്‍ അവഗണിച്ചാല്‍ നാളെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും. ആത്യന്തികമായ നഷ്ടം നമുക്കെല്ലാവര്‍ക്കും ആണ്,’ ജിനേഷ് പറഞ്ഞു.

രാഹുലിനെ മര്‍ദ്ദിച്ച പൊലീസുകാരനായ അഭിലാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിന്റെ രാജിയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് ഡോ. മനോജ് വെള്ളനാട് പറഞ്ഞു.


‘പ്രതി പൊലീസുകാരനായതിനാല്‍ കിട്ടുന്ന പ്രിവിലേജുകള്‍ എന്തൊക്കെയാണെന്നിപ്പോള്‍ തന്നെ മനസിലാക്കാം. ഒരു ക്രൈം ചെയ്ത പൊലീസുകാരനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ സര്‍ക്കാരുണ്ട്. സിസ്റ്റമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഉണ്ട്,’ മനോജ് വെള്ളനാട് പറഞ്ഞു.

ഞങ്ങടെ കാശ് കൊണ്ട് പഠിച്ചിട്ട് ഞങ്ങളു തരുന്ന തല്ല് കൊള്ളാന്‍ എന്താ ഒരു വെഷമം? എന്നിട്ടിപ്പൊ രാജിയും വെക്കുന്നു, എന്നായിരുന്നു ഡോ. നെല്‍സണ്‍ ജോസഫ് പരിഹാസരൂപേണ പ്രതിഷേധ സൂചകമായി പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.


മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സി.പി.ഒ. അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്.

എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Mathew Jinesh PS Manoj Vellanadu Nelson Joseph

We use cookies to give you the best possible experience. Learn more