കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘സതി ഒരു ആചാരമാണെന്ന് തോന്നുന്നത് താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായതു കൊണ്ടാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടുക ഒരു ആചാരം. തൃക്കാക്കരയില്‍ പി.ടിയുടെ വിയോഗത്തെ തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ ശ്രീമതി ഉമ തോമസ് മത്സരിക്കുന്നതിനെ പറ്റി പല സഖാക്കള്‍ ഏറ്റുപിടിച്ച ഒരു സഖാവിന്റെ അഭിപ്രായമാണ്.
ഏതെങ്കിലും ബോധമില്ലാത്ത സൈബര്‍ സഖാവ് എഴുതി വിട്ട ഒരു അഭിപ്രായ പ്രകടനമല്ലയിത്. സെക്രട്ടറിയേറ്റിലെ പ്ലാനിംഗ് സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഒരു ‘ഗസറ്റഡ് വിവരദോഷി’ സഖാവ് വക്കം സെന്‍ ആണ് ഈ വിഷചിന്ത പേറിയത്.
സഖാവെ, ‘സതി ഒരു ആചാരമാണ്’ എന്ന് താങ്കള്‍ക്ക് തോന്നുന്നത് താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായതു കൊണ്ടാണ്. സ്ത്രീ വിരുദ്ധത ഒരു പ്രത്യയശാസ്ത്രം കണക്കെ പേറി നടക്കുന്ന തന്റെയൊക്കെ പ്രസ്ഥാനത്തിന്റെ മസ്തിഷ്‌ക്കം എന്നോ ദ്രവിച്ചു പോയതിന്റെ ലോകചരിത്രമുണ്ട്. നിങ്ങള്‍ വീരാരാധന കൊണ്ട് അടിവസ്ത്രത്തില്‍ വരെ അലങ്കാര ചിത്രമായി കൊണ്ട് നടക്കുന്ന തന്റെയൊക്കെ പല ‘ലോക നേതാക്കളും’ ആസ്ഥാന സ്ത്രീവിരുദ്ധരാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അമ്പത് ശതമാനം സ്ത്രീകള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ വന്നാല്‍ പാര്‍ട്ടി തകരും എന്ന് കരുതുന്ന ‘കോടിയേരി പാര്‍ട്ടിക്കാര്‍ക്ക്’ മാത്രമാണ് സതി ആചാരം. മറ്റുള്ളവര്‍ക്കത്രയും സതി നീചവും, നിന്ദ്യവും, മനുഷ്യത്വവിരുദ്ധവുമായ ദുരാചാരമാണ് ഹേ! നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്‌സ്ത്രീയും പുരുഷനും ചേര്‍ന്ന് നടത്തിയ ഒരുപാട് പോരാട്ടത്തിലൂടെ നിരോധിച്ച് വലിച്ചെറിഞ്ഞ മാലിന്യമാണ് താങ്കള്‍ കഴുത്തില്‍ മാല കണക്കെ അണിഞ്ഞു വന്നിരിക്കുന്നത്.
പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി താങ്കള്‍ തുടരുവാന്‍ എന്തുകൊണ്ടും യോഗ്യനാണ്. പോളിറ്റ്ബ്യൂറോയില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച വനിതാ നേതാവിനെ അധിക്ഷേപിച്ച സി.സി എന്ന ആ ‘കൗരവ സഭയില്‍’ ഉണ്ടായിരുന്ന വ്യക്തി താങ്കളെ ചേര്‍ത്തു പിടിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
‘തൃക്കാക്കരക്കാര്‍ പ്രബുദ്ധരാണ്. ഭര്‍ത്താവ് മരിച്ച സ്ത്രീ സതി ചെയ്യുകയോ, അജ്ഞാതവാസത്തില്‍ പോവുകയോ, വെളുത്ത വസ്ത്രം മാത്രം ധരിച്ച് ഇരുട്ടറയില്‍ ശിഷ്ടകാലം ജീവിക്കുകയോ വേണമെന്ന് കമ്മ്യൂണിസ്റ്റുകാരന്റെ പ്രാകൃത ചിന്താഗതിക്ക് നല്ല മറുപടി തരും.
ഒരു കാര്യത്തില്‍ സന്തോഷമുള്ളത്, ഉമ തോമസ് എന്ന കാര്യവിവരമുള്ള, ഐഡന്റിറ്റിയെ കുറിച്ച് നല്ല ബോധ്യമുള്ള , ജന്റര്‍ വിഷയങ്ങളില്‍ ക്ലാരിറ്റിയുള്ള ഒരു സ്ത്രീ, ചിരിച്ച് ഊര്‍ജ്ജ്വസ്വലമായി പൊതുരംഗത്ത് ഇടപെഴകുമ്പോള്‍ സകല കമ്മ്യൂണിസ്റ്റുകളുടെയും പ്രാകൃതവാദത്തിന്റെ ഹൃദയമിടുപ്പ് കൂടി, ഉറക്കം നഷ്ടമാകുന്നു.
ഉമേച്ചി ചിരിച്ചു കൊണ്ട് ആണ്‍ അഹന്തയുടെ ഈ കോട്ടകള്‍ കീഴടക്കുന്നത് കാണാന്‍ എന്താ ഭംഗി,’ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Mankoottathil Will give a good answer to the primitive mindset of the communist that a woman whose husband has died should conspire