| Sunday, 18th July 2021, 9:35 pm

ബീമാപ്പള്ളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരിയെയോ പാര്‍ട്ടിയെയോ എവിടെയും കാണിച്ചില്ല; രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടുപഠിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനമാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നതെന്ന വിമര്‍ശനം ഇപ്പോഴും സജീവമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണെന്നും രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

‘സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നില്‍ക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണ്. മറവിയുടെ മാറാല പിടിക്കാന്‍ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീര്‍ത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവര്‍ക്ക് ഒരിക്കലും ദഹിക്കാത്തതാണ്,’ രാഹുല്‍ ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നില്‍ക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണ്. മറവിയുടെ മാറാല പിടിക്കാന്‍ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീര്‍ത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവര്‍ക്ക് ഒരിക്കലും ദഹിക്കാത്തതാണ്.

1957 നു ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്.
പക്ഷേ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നതെന്ന വിമര്‍ശനം ഇപ്പോഴും സജീവമാണ്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്.

ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാന്‍ സംവിധായകന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്.

സുരേന്ദ്രന്‍ പിള്ള എന്ന സ്ഥലം MLA സിനിമയിലെത്തുമ്പോള്‍ അബൂബക്കര്‍ ആകുന്നത് നിഷ്‌കളങ്കമായ സ്വാഭാവികതയല്ല. കള്ളക്കടത്തും തീവ്രതയും വര്‍ഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളില്‍ ചാര്‍ത്താന്‍ കാണിച്ച വ്യഗ്രത വിമര്‍ശിക്കപ്പെടേണ്ടതാണ്. ബീമാപ്പളളിയിലെ തുറയില്‍ ജീവിക്കുന്നവര്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ് പരിവാര്‍ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചിരിക്കുന്നതും തുറന്നു കാണിക്കേണ്ടതാണ്.

മുസ്‌ലിം സമുദായം തിങ്ങിപ്പാര്‍ക്കുന്നിടം വിദ്വേഷത്തിന്റെ കനലുകളില്‍ എരിയുന്നതാണെന്നും, അവര്‍ക്ക് തണലായി പച്ചക്കൊടിയേന്തിയ സംഘടനയാണെന്നും പറഞ്ഞു വെക്കുമ്പോള്‍, ഇന്ത്യയാകെ ഒരു പള്ളിയുടെ പ്രശ്‌നത്തില്‍ കത്തിയാളിയപ്പോള്‍ കേരളത്തില്‍ മതേതര മനസ്സിന് കാവല്‍ നിന്ന പ്രസ്ഥാനമാണതെന്ന് മറക്കരുത്. ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാര്‍ വിതക്കുന്ന വിദ്വേശ വിത്തുകളില്‍ നിന്ന് വിള കൊയ്യുന്നവര്‍ സംഘ് പരിവാറാണെന്ന് മറക്കേണ്ട.

താനൊരു ഇടതു പക്ഷക്കാരനാണെന്ന് പറയുന്ന മഹേഷ് നാരായണന്‍ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തര്‍ധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായിയാവാന്‍ സര്‍വ്വഥാ യോഗ്യനാണെന്ന് മാലിക് പറഞ്ഞു വെക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Rahul Mankoottathil Slams Mahesh Narayan For Malik Movie

We use cookies to give you the best possible experience. Learn more