| Friday, 18th June 2021, 10:54 pm

''കണ്ടറിയണം കോശി നിനക്കെന്ത് സംഭവിക്കുമെന്ന്''; സുധാകരനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെയുള്ള പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ നാളെ മറുപടി നല്‍കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്.

‘ഇനി അയാള്‍ക്ക് നിയമമില്ല, കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്,’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലെഴുതിയത്.

മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞത്.

എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായും പിണറായി പറഞ്ഞു. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

അതേസമയം ബ്രണ്ണന്‍ കോളേജില്‍ വെച്ച് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തെ തള്ളി മമ്പറം ദിവാകരനും രംഗത്തെത്തിയിരുന്നു. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് സുധാകരന്‍ പറയുന്ന സംഭവം തനിക്കറിയില്ലെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തന്റെയും എ.കെ. ബാലന്റെയും കാലത്ത് നിരവധി സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരനവിടെയുണ്ടായിരുന്നെങ്കിലും തങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Rahul Mankoottathil Mocks At Pinarayi Vijayan

We use cookies to give you the best possible experience. Learn more