തിരുവനന്തപുരം: പത്മജ വേണുഗോപാൽ സി.പി.ഐ.എമ്മിലേക്കാണ് പോയിരുന്നതെങ്കിൽ കോൺഗ്രസിൽ പരിഗണന കിട്ടിയില്ലെന്ന വാദം പേരിനെങ്കിലും അംഗീകരിക്കാമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.
‘ പാർട്ടിയിൽ പരിഗണന കിട്ടിയില്ലെങ്കിൽ അവർക്ക് സി.പി.ഐ.എമ്മിൽ പോകാമായിരുന്നില്ലേ? അവർ പോയില്ല. അപ്പോൾ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ബി.ജെ.പിയിലേക്ക് പോകുന്നത്, അതിന് തന്നെയാണ് പത്മജയും പോയത്,’ രാഹുൽ കുറ്റപ്പെടുത്തി.
പത്മജയെ തന്തയെ കൊന്ന സന്താനമായി ചരിത്രം അടയാളപ്പെടുത്തുമെന്നും പത്മജ ബി.ജെ.പിയിൽ എത്തുമ്പോൾ ബി.ജെ.പിക്ക് ലഭിക്കാൻ പോകുന്നത് അവരുടെ തന്നെ ഒരു വോട്ടാണെന്നും രാഹുൽ പറഞ്ഞു.
‘തന്തയ്ക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെ? കെ. കരുണാകരൻ പത്മജയോട് എന്ത് പാതകമാണ് ചെയ്തത്?’ രാഹുൽ ചോദിച്ചു.
കരുണാകരന്റെ പാരമ്പര്യം മറ്റവിടെയെങ്കിലും പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുലിന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം തന്നോട് അത് പറയേണ്ടെന്നും രാഹുൽ ടി.വിയിലിരുന്ന് വലുതായ നേതാവാണെന്നും പത്മജ മറുപടി നൽകി.
Content Highlight: Rahul Mankoottathil asks why didn’t Pathmaja go to CPIM if neglected in party