രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ
Kerala News
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 8:11 am

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

രാഹുലിനെ പത്തനംതിട്ട, അടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി, എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കേസിലെ ഒന്നാംപ്രതി. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാഫി പറമ്പിൽ എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ എന്നിവരും പൊലീസിനെ ആക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് പ്രതിപ്പട്ടികയിലുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തുടർച്ചയായി പൊലീസ് ആക്രമിക്കുന്നു എന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിൽ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടാകുകയായിരുന്നു.

കണ്ടാലറിയാവുന്ന 300 പേർക്കെതിരെയും കേസുണ്ട്. പൊലീസ് അനുമതിയില്ലാതെ മാർച്ച്‌ നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

Content Highlight: Rahul mankoottathil Arrested in Secreteriat Youth Congress march case