തിരുവനന്തപുരം: കേരളത്തിന് വേണ്ടി ശബ്ദിച്ച ഏക കോൺഗ്രസ് എം.പി ടി.എൻ. പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം കോൺഗ്രസ് സീറ്റ് നിഷേധിച്ചവെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ.
ഇത്രയും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന റിയാസിന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
മുരളീധരൻ സ്പിന്നറാണെന്ന കാര്യം ഉദ്ദേശിച്ചായിരുന്നു രാഹുലിന്റെ പരാമർശം. റിയാസിന്റെ പ്രസ്താവന ഉൾപ്പെടുന്ന വാർത്തയും അതിന് താഴെ മുരളീധരൻ റിയാസിനെ തലൈവരെ എന്ന് വിളിക്കുന്നതായി കാണിക്കുന്ന ട്രോളും രാഹുൽ പോസ്റ്റ് ചെയ്തു.
ടി.എൻ. പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചു എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ സി.എ.എ – എൻ.ആർ.സി പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ എന്നും രാഹുൽ പറഞ്ഞു.
കേരളത്തിന് അർഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എൽ.ഡി.എഫ് ഇവിടെ പ്രചരണം ശക്തമാക്കിയ ഘട്ടത്തിൽ പ്രതാപൻ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയെന്നും അദ്ദേഹത്തിനിപ്പോൾ സീറ്റില്ലെന്നുമായിരുന്നു റിയാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
‘കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കേണ്ടതിനെ കുറിച്ച് ഒരു കോൺഗ്രസ് എം.പിയും പാർലമെന്റിൽ മിണ്ടിയില്ല. ഒരുമിച്ച് നിൽക്കേണ്ട സന്ദർഭത്തിൽ അവർ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിച്ചു.
എന്തെങ്കിലും മിണ്ടിയത് പ്രതാപൻ മാത്രമാണ്. അദ്ദേഹത്തിന് ഇപ്പോൾ സീറ്റുമില്ല. കേരളത്തിന് അർഹമായ പണം ലഭിക്കേണ്ടതിനെ കുറിച്ച് എൽ.ഡി.എഫ് ഇവിടെ ക്യാമ്പയിൻ ശക്തമാക്കിയ ഘട്ടത്തിലാണ് പ്രതാപൻ ഇക്കാര്യം പാർലമെന്റിൽ ഉയർത്തിയത്,’ റിയാസ് കുറിപ്പിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറുപ്പിന്റെ പൂർണ രൂപം-
ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം.
അത് പോട്ടെ കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ ‘ പറഞ്ഞ TN പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്തം ഏല്പ്പിച്ചു.
ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സി.എ.എ – എൻ.ആർ.സി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയു കേരള മുത്തയ്യെ.
T.N. Prathapan congratulations
Content highlight: Rahul mankoottathil against Muhammed Riyas on his statement about congress denying seat for TN prathapan