തിരുവനന്തപുരം: മുറിച്ചിടാന്‍ നോക്കുന്തോറും കരുത്തുകൂടുന്നയാളാണ് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സഞ്ചരിക്കുന്ന കാറില്‍ ബോംബെറിഞ്ഞതടക്കം നാല് തവണ കൊല്ലാന്‍ നോക്കിയിട്ട് നടന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് കേസില്‍ സുധാകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
‘ഇ.എം.എസും നായനാരും അവരുടെ അധികാരവും വെച്ച് പൂട്ടാന്‍ നോക്കിയിട്ട് പറ്റിയിട്ടില്ല, സഞ്ചരിക്കുന്ന കാറില്‍ ബോംബെറിഞ്ഞടക്കം നാല് തവണ കൊല്ലാന്‍ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നെയല്ലേ പിണറായിയും ഈ പീറ കള്ള കേസും…. മുറിച്ചിടാന്‍ നോക്കും തോറും കരുത്ത് കൂടും കെ. സുധാകരന്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം കെ. സുധാകരനെ അറസ്റ്റിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. തനിക്ക് കോടതിയില്‍ വിശ്വാസമുണ്ടെന്നും കോടതിയില്‍ കേസ് നടക്കട്ടേയെന്നും ജാമ്യത്തിന് വിട്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യം തന്നു. ചോദ്യം ചെയ്തു, ചോദ്യം പൂര്‍ത്തിയായി. എനിക്ക് ജുഡീഷറിയില്‍ വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ട്. കോടതിയില്‍ കേസ് വരട്ടെ, കേസ് നടക്കട്ടെ. കോടതി വിലയിരുത്തട്ടെ, അതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്,’ സുധാകരന്‍ പറഞ്ഞു.
ഇന്ന് നീണ്ട എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 11 മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കൃത്യമായ പല ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.