| Saturday, 10th February 2024, 10:34 pm

ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഗോഡ്സെ ഒരു വര്‍ഗീയ വാദി, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചവൻ; രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയില്‍ സംസാരിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 30ന് ആണ് യൂത്ത് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണ് എന്ന് പറഞ്ഞതില്‍ മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ആര്‍.എസ്.എസ് സഹകാര്യവാഹക് ആണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ‘വൈ ഐ കില്‍ഡ് ഗാന്ധി’ എന്ന നാഥുറാം വിനായക് ഗോഡ്സെയുടെ പുസ്തകത്തില്‍ താന്‍ ഗാന്ധിയെ കൊന്നത് വ്യക്തിപരമായ കാരണങ്ങള്‍ അല്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാല്‍ ആണെന്നും ഗോഡ്സെ പറഞ്ഞിട്ടുണ്ടെന്നും മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജിക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിലനില്‍പ്പ് ഉള്ളതുകൊണ്ടാണ് ഗാന്ധിജിയെ കൊന്നവര്‍ക്ക് കൊന്നു എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ അറപ്പുണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധിജിയെ ക്രൂശിക്കുന്ന കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഘപരിവാറിനും തുല്യ പങ്കുണ്ടായിരുന്നുവെന്നും മാങ്കൂട്ടത്തില്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ഗാന്ധിയെ കൊന്നതിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആര്‍.എസ്.എസിനെ രണ്ട് തവണ നിരോധിക്കുകയുണ്ടായി. ഗാന്ധിയെ കൊന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെ മതേതര വാദികള്‍ അയിത്തം പ്രഖ്യാപിച്ചപ്പോള്‍ സവര്‍ക്കറിന്റെയും ഗോള്‍വാര്‍ക്കറുടെയും ആര്‍.എസ്.എസിനോട് ആദ്യമായി സഖ്യം ചേര്‍ന്നത് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഗോഡ്സെ ഒരു വര്‍ഗീയ വാദിയാണെന്നും മഹാത്മാ ഗാന്ധി ഒരു മതേതര വാദിയാണെന്നതുമാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍.എസ്.എസ് എന്ന് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ജനത ചോരനീരാക്കി പോരാട്ടം നടത്തുമ്പോള്‍ ആര്‍.എസ്.എസ് ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിക്കുകയായിരുന്നുവെന്നും സല്‍മ പറഞ്ഞു.

ഗാന്ധിയോടൊപ്പം സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ പൗരന്മാര്‍ ദണ്ഡി യാത്ര നടത്തുമ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് എഴുതുന്ന തിരക്കില്‍ ആയിരുന്നുവെന്നും സല്‍മ വിമര്‍ശിച്ചു.

ഇരുവരുടെയും നിലപാടുകളും വാക്കുകളും ആര്‍.എസ്.എസിനെ പ്രകോപിതരാക്കി എന്നതിന്റെ സൂചനയാണ് ഈ വക്കീല്‍ നോട്ടീസ്.

Content Highlight: Rahul Mangkoothil and Tamil writer Salma get legal notice from RSS

We use cookies to give you the best possible experience. Learn more