തിരുവനന്തപുരം: നടന്‍ ആസിഫ് അലിയ്ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘മനോരഥങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെയാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്.
‘എന്നെ തല്ലാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറ്റില്ല, എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ’ എന്ന ഒരു സരോജ് കുമാര്‍ ഡയലോഗുണ്ട് ‘ഉദയനാണ് താരം’ എന്ന സിനിമയില്‍,’ എന്ന് കുറിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ ഡയലോഗ് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് കണ്ടെത്തിയതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്.
പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ഒരു നടനാണ് ആസിഫ്. എന്നാല്‍ ‘സീനിയോറിറ്റി കോംപ്ലക്‌സിലൂടെ’ അദ്ദേഹത്തെ റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ തളരുന്ന ചെറുപ്പക്കാരനല്ല ആസിഫ് അലിയെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.
രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സംഭവം വിവാദമായതോടെ പ്രതികരണവുമായി രമേശ് നാരായണന്‍ രംഗത്തെത്തിയിരുന്നു. താന്‍ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണന്‍ പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം ദി ഫോര്‍ത്ത് ന്യൂസിനോട് പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങള്‍’. ആസിഫിന് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഒമ്പത് കഥകള്‍ക്ക് പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് സംവിധാനം നിര്‍വഹിക്കുന്നത്.
Content Highlight: Rahul Mamkoottathil support in Asif Ali