ലോഹിതദാസിന്റെ തിരക്കഥയില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാധ മാധവം. സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്ത ഈ സിനിമയില്‍ ജയറാം, പാര്‍വതി, തിലകന്, ഗീത എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
തൂവാനത്തുമ്പികള്‍ പോലെ ആഘോഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് അറിയാത്ത ഒരു സിനിമയാണ് രാധാ മാധവമെന്ന് പറയുകയാണ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ അത് തൂവാനത്തുമ്പികള്‍ പോലെ ചര്‍ച്ചയാകുന്നില്ലെന്നും രാഹുല്‍ പറയുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൂവാനത്തുമ്പികള്‍ പോലെ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയാത്ത ഒരു സിനിമയാണ് രാധാ മാധവം. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
ആഘോഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മോശമായി എന്നല്ല. നമ്മള് എപ്പോഴും പറയുന്ന കോമണ്‍ സിനിമ തൂവാനത്തുമ്പികള്‍ ആകുമ്പോള്‍, രാധാ മാധവം അത്രയും ചര്‍ച്ചയാകുന്നില്ല.
ആ സിനിമയില്‍ അച്ഛനും (തിലകന്) മകനും (ജയറാം) തമ്മില്‍ വളരെ അടുപ്പമാണ്. നല്ല സൗഹൃദമുള്ള രണ്ടുപേരാണ് അവര്‍. അതില്‍ മകന്റെ കഥാപാത്രം ഒരു വളര്‍ത്തു മകനാണ്.
ആ മകനും അവന്റെ കാമുകിയും (പാര്‍വതി) തമ്മില്‍ വളരെ നല്ല ബന്ധമാണ്. അതേസമയം അച്ഛനും രണ്ടാം ഭാര്യയും തമ്മിലുള്ള ബന്ധവും അങ്ങനെ തന്നെയാണ്. അതായത് തിലകന്റെ കഥാപാത്രവും ഗീതയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധം.
പക്ഷെ ഗീത അവന്റെ രണ്ടാനമ്മ ആയതിന്റെ പേരില്‍ മാത്രം അവരുടെ ബന്ധം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കോംപ്ലക്സിറ്റിയുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് രാധാ മാധവം.
ആ ഴോണറില്‍ ഇറങ്ങിയിട്ടുള്ള ബാക്കിയെല്ലാ സിനിമകളും ഒരുപാട് ആഘോഷിക്കപ്പെട്ടപ്പോള്‍ അത്രകണ്ട് രാധാ മാധവം ആഘോഷിക്കപ്പെട്ടില്ല. എന്റെ ശ്രദ്ധയില്‍ പെടാത്തത് കൊണ്ടാണോ എന്നറിയില്ല,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
Content Highlight: Rahul Mamkootathil Talks About Radha Madhavam And Thoovanathumbikal Movie