| Saturday, 13th January 2024, 6:51 pm

നഷ്ടപരിഹാരമായി ഒരു കോടി രൂപ; എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ സി.പി.ഐ.എം സെക്രട്ടറി എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടീസയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണത്തില്‍ എം.വി. ഗോവിന്ദന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഏഴ് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. വാർത്താ സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യത്തിനായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കൃത്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സമൂഹത്തില്‍ സി.പി.ഐ.എം സെക്രട്ടറിയും പ്രവര്‍ത്തകരും പ്രചരിപ്പിച്ചതായി നോട്ടീസില്‍ പറയുന്നു. ഈ തെറ്റായ പ്രചരണം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി തന്നെ ബാധിച്ചുവെന്ന് രാഹുല്‍ വ്യക്തമാക്കി.

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സമര്‍പ്പിപ്പിച്ച ജാമ്യാപേക്ഷയില്‍, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആണ് രാഹുല്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഡ്വ. മൃദുല്‍ ജോണ്‍ മാത്യു മുഖാന്തരമാണ് എം.വി. ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Content Highlight: Rahul Mamkootathil sent a lawyer notice to M.V. Govindan

We use cookies to give you the best possible experience. Learn more